തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ ദമ്പതിമാരും വനിതാ സുഹൃത്തും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങി പോലീസ്. മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം ബ്ലാക്ക് മാജിക്കിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങൾ, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ഇവര്‍ ഇന്റർനെറ്റിൽ തിരച്ചില്‍ നടത്തിയിട്ടുണ്ട്. ആര്യയുടെ ബ്ലാക്ക് മാജിക്ക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇവര്‍ ദുർമന്ത്രവാദത്തിന്റെ പിടിയിൽ അകപ്പെട്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപണമുന്നയിക്കുന്നത്. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവർ പിന്തുടരുന്നുണ്ടായിരുന്നത്. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ച് ഇത്തരം ആശയങ്ങള്‍ക്ക് പിന്നാലെ പോവുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
സ്വകാര്യ സ്കൂളില്‍ പഠിപ്പിച്ചിരുന്നപ്പോഴാണ് ദേവിയും ആര്യയും അടുത്ത സുഹൃത്തുക്കളായത്. മെയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ആര്യയ്ക്കും ദേവിക്കും തമ്മിൽ വേർപിരിയാനുള്ള വിഷമമാണോ കൂട്ടമരണത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്.