Sat. Jan 18th, 2025

ന്യൂഡല്‍ഹി: വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശരീരികമായി ഉപദ്രവിച്ചെന്ന ആരോപണത്തിൽ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ദീപക് ശര്‍മയെ സസ്പെൻഡ് ചെയ്തു. ഗോവയില്‍ നടന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിനിടെ മുറിയില്‍ അതിക്രമിച്ച് കയറി രണ്ട് താരങ്ങളെ ശാരീരികോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ ഗോവയിലെ ഫുട്‌ബോള്‍ അസോസിയേഷന്റെ പരാതിയില്‍ ശനിയാഴ്ച ഗോവ പോലീസ് ദീപക് ശര്‍മയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദീപക് ശര്‍മയെ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.

മാർച്ച് 28 നായിരുന്നു സംഭവം. ക്ലബിന്റെ ഉടമകൂടിയായ ദീപക് മദ്യപിച്ച് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ പരാതിയിലായിരുന്നു അറസ്റ്റ്. രണ്ട് വനിതാ താരങ്ങളാണ് എഐഎഫ്എഫിനും ഗോവ ഫുട്‌ബോള്‍ അസോസിയേഷനും പരാതി നല്‍കിയത്.

അന്വേഷണം അവസാനിക്കുന്നതുവരെ ദീപക് ശര്‍മ ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എഐഎഫ്എഫ് നിര്‍ദേശം നല്‍കി.