Mon. Dec 23rd, 2024

ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നും മറ്റൊരു നേതാവ് കൂടി ബിജെപിയിൽ ചേർന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയിൽ ചേർന്നത്. മധ്യപ്രദേശ് മോഹൻ യാദവിന്റെയും സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമയുടെയും സാന്നിധ്യത്തിലാണ് വിക്രം അഹാകെ ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി മോഹൻ യാദവിന്‍റെയും പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികൾ, നയങ്ങൾ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിക്രം അഹാകെ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ചിന്ദ്വാര മണ്ഡലം മാത്രമാണ് കോൺഗ്രസിനെ തുണച്ചിരുന്നത്. കമൽനാഥിന്‍റെ മകനും കോൺഗ്രസ് നേതാവുമായ നകുൽ നാഥാണ് ചിന്ദ്വാര എംപി. നിലവിൽ ചിന്ദ്വാര നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് കമൽനാഥ്.

ചിന്ദ്വാര ജില്ലയിലെ അമർവാഡയിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗവും കമൽ നാഥിന്‍റെ അടുത്ത അനുയായിയുമായ കമലേഷ് ഷാ കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു.