Sun. Dec 22nd, 2024

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് 3500 കോടി രൂപയുടെ കുടിശ്ശിക ഈടാക്കാനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. പാർട്ടിക്കെതിരെ നിർബന്ധിത നടപടിയെടുക്കില്ലെന്ന് വകുപ്പിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു പാർട്ടിക്കും പ്രശ്നമുണ്ടാക്കാൻ വകുപ്പ് ആഗ്രഹിക്കുന്നില്ലെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തുടർന്ന് കേസ് വീണ്ടും പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി.

കഴിഞ്ഞ മാസം അവസാനത്തോട് കൂടി കോൺഗ്രസിന് 3567.25 കോടി രൂപയുടെ നോട്ടീസ് ആദായനികുതി വകുപ്പ് നൽകിയിരുന്നു. ഈ നോട്ടീസുകളിലാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടികൾ സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.

കോൺഗ്രസിന് പുറമെ സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പാ‍ർട്ടികൾക്കും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു.