ന്യൂഡൽഹി: യുഎസിലെ ബാൾട്ടിമോറിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന സംഭവത്തിൽ കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി കാർട്ടൂൺ. വിവാദമായ വംശീയ അധിക്ഷേപ കാർട്ടൂൺ പ്രസിദ്ധീകരിച്ചിട്ടുള്ളത് ഫോക്സ് ഫോർഡ് എന്ന വെബ് കോമിക്സാണ്.
പാലത്തിൽ ഇടിക്കുന്നതിന് മുമ്പ് ദാലി ചരക്കുകപ്പലിനുള്ളിൽ നിന്നുള്ള അവസാന റെക്കോർഡിങ് എന്ന് കുറിച്ചുകൊണ്ടാണ് എക്സ് പ്ലാറ്റഫോമിൽ ഫോക്സ് ഫോർഡ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർട്ടൂണിൽ കപ്പലിന്‍റെ കൺട്രോൾ റൂമിലെ മലിനജലത്തിൽ ഇന്ത്യക്കാരായ ജീവനക്കാർ നിൽക്കുന്നതായും കപ്പൽ പാലത്തിൽ ഇടിക്കാനൊരുങ്ങുമ്പോൾ ജീവനക്കാർ പരിഭ്രമിക്കുന്നതായും കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാര രീതിയെ പരിഹസിക്കുന്ന ശബ്ദരേഖയും വെബ് കാർട്ടൂണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോക്സ് ഫോർഡ് ഇതിന് മുമ്പും കറുത്ത വർഗക്കാരെയും ജൂതരെയും വിദേശികളെയും അധിക്ഷേപിക്കുന്ന നിരവധി കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ചരക്കുകപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ കുറിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ, മെർലിൻ ഗവർണർ വെസ്റ്റ് മൂർ അടക്കമുള്ളവർ പ്രശംസിച്ചെത്തിയിരുന്നു. അപകടത്തിൽപ്പെട്ട കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.