Wed. Nov 6th, 2024

ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരി അന്തരിച്ചു. ഹൃദയാഘാതമാണ് മുക്താർ അൻസാരിയുടെ മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബന്ദയിലെ ജയിലിലായിരുന്ന മുക്താർ അൻസാരിയെ ഇന്നലെ രാത്രി ഛർദിയെത്തുടർന്ന് ബന്ദ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.

മുക്താർ അൻസാരിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബന്ദ, മൗ, ഗാസിപൂർ, വാരാണസി എന്നിവിടങ്ങളിൽ വൻ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.

മുക്താർ അൻസാരി മൗ സദാർ സീറ്റിൽ നിന്ന് അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്ക​പ്പെട്ടിട്ടുണ്ട്. ബിഎസ്പി ടിക്കറ്റിലാണ് രണ്ടുതവണ ജയിച്ചത്. കൂടാതെ അറുപതിലധികം ക്രിമിനൽ കേസുകളിൽ മുക്താർ അൻസാരി പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്.

മുക്താർ അൻസാരി ആദ്യമായി 1996ൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത് ബിഎസ്പി ടിക്കറ്റിലാണ്. 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. 2007ൽ ബിഎസ്പിയിൽ തിരിച്ചെത്തി. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുക്താർ അൻസാരി മത്സരിച്ചിരുന്നു.

മുക്താർ അൻസാരി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2010ൽ ബിഎസ്പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് മുക്താർ അൻസാരി ക്വാമി ഏകതാ ദൾ എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി മത്സരിച്ചത് 2017 ലാണ്.

മുൻപത്തെ വ്യാജ തോക്ക് ലൈസൻസ് കേസിൽ അൻസാരിക്ക് ദിവസങ്ങൾക്കുമുമ്പ് വരാണസി പ്രത്യേക കോടതി ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മു​ക്താ​ർ അ​ൻ​സാ​രി​യു​ടെ കോടികളുടെ സ്വത്തുക്കൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി നേരത്തെ ക​ണ്ടു​കെ​ട്ടിയിരുന്നു. മകൻ അബ്ബാസ് അൻസാരി, ഭാര്യാ സഹോദരൻ ആതിഫ് റാസ എന്നിവർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു.