Mon. Dec 23rd, 2024

ഗാസ: ഭക്ഷണപ്പൊതികൾ ശേഖരിക്കാനായി കടലിലിറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു. ഗാസയിലേക്കുള്ള ഭക്ഷ്യകിറ്റുകൾ മെഡിറ്ററേനിയൻ കടലിലാണ് ഇറക്കിയത്. ഭക്ഷ്യകിറ്റുകൾ ശേഖരിക്കാന്‍ കടലിലിറങ്ങിയ ആൾക്കൂട്ടമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നൂറുകണക്കിനാളുകളാണ് ഭക്ഷണപ്പൊതികൾ ശേഖരിക്കാനായി കടലിലേക്കിറങ്ങിയത്.

ഗാസയിലേക്കുള്ള സഹായങ്ങള്‍ കര മാര്‍ഗത്തിലൂടെ എത്തിക്കുന്നത് ഇസ്രായേൽ മുടക്കിയിരുന്നു. തുടര്‍ന്നാണ്‌ ആകാശ മാര്‍ഗം ഭക്ഷ്യസഹായങ്ങള്‍ എത്തിച്ച് നല്‍കുന്നത്. ഗാസ കനത്ത പട്ടിണി നേരിടുന്ന സാഹചര്യത്തിലാണ് എയർഡ്രോപ്പ് സംവിധാനത്തിലൂടെ ഭക്ഷണപ്പൊതികൾ എത്തിക്കാൻ തുടങ്ങിയത്. ഈ മാസം ആദ്യം ഭക്ഷ്യകിറ്റുകള്‍ തലയില്‍ വീണ് അഞ്ച് പേർ മരിച്ചിരുന്നു.

18 പേരുടെ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗാസയിലേക്ക് ആകാശ മാർഗം ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നത് നിർത്തി വെക്കണമെന്ന് വിദേശ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പാസാക്കിയ സാഹചര്യത്തിൽ കരമാർഗം കൂടുതൽ ​ട്രക്കുകൾ പ്രവേശിക്കാൻ അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കിയിട്ടും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 32414 ആയി. റഫ ഉൾപ്പെടെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും വ്യാപക ആക്രമണം നടന്നു.