Tue. Nov 5th, 2024

തൃശ്ശൂർ: കറുത്തവർ കാണാൻ കൊള്ളില്ല എന്നത് തന്റെ കാഴ്ചപ്പാടാണെന്ന് കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിനെതിരെ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു സത്യഭാമ. ആർഎൽവി രാമകൃഷ്ണൻ്റെ പേര് ഒരു അഭിമുഖത്തിലും താൻ പറഞ്ഞിട്ടില്ലെന്നും കറുത്തവർ കാണാൻ കൊള്ളില്ല എന്നത് തൻ്റെ കാഴ്ചപ്പാടാണെന്നും കലാമണ്ഡലം സത്യഭാമ പ്രതികരിച്ചു.

സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും സത്യഭാമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പരാമർശത്തിൽ ഒരു കുറ്റബോധവുമില്ലെന്നും താൻ ഇനിയും പറയുമെന്നും സത്യഭാമ പറഞ്ഞു.

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞിരുന്നു. രാമകൃഷ്ണന് സൗന്ദര്യമില്ലെന്നും പെറ്റ തള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്.

കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തെ തുടർന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.