Mon. Dec 23rd, 2024

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട്‌ നൽകിയവരുടെ പട്ടികയിൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിലെ പ്രതി വിമൽ പട്നിയും. വിമൽ പട്നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമന്റ് കമ്പനി 20 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടായി നൽകിയത്.

അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, ഗുജറാത്തിലെയും രാജസ്ഥാനിലെയും ഉയർന്ന ബിജെപി രാഷ്ട്രീയക്കാർ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള വിവാദമായ ഏറ്റുമുട്ടൽ കേസിലെ പ്രതിയാണ് വിമൽ പട്നി. പിന്നീട് എല്ലാ പ്രതികളെയും വിചാരണയുടെ വിവിധ ഘട്ടങ്ങളിയായി വെറുതെ വിട്ടിരുന്നു.

രാജസ്ഥാനിൽ നിന്നുള്ള മാർബിൾ വ്യാപാരിയായ വിമൽ പട്നിയിൽ നിന്നും സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഗാന്ധി നഗറിന് സമീപത്ത് പോലീസ് ഏറ്റുമുട്ടലിലാണ് സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കൊല്ലപ്പെട്ടത്. പിന്നീട് സൊഹ്‌റാബുദ്ദീൻ ഷെയ്ഖിൻ്റെ ഭാര്യയെ കാണാതായി. ഷെയ്ഖിൻ്റെ സഹായിയായ തുളസിറാം പ്രജാപതിയെ പോലീസ് കൊലപ്പെടുത്തിയെന്നും ആരോപണമുണ്ട്.

2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 250 കോടി രൂപയാണ് ഉദയ്പൂർ ആസ്ഥാനമായുള്ള വണ്ടർ സിമന്റിന്റെ ലാഭം. ഇലക്ടറൽ ബോണ്ടുകൾ വഴി 20 കോടി രൂപ സംഭാവന നൽകിയപ്പോൾ പട്‌നി കുടുംബത്തിലെ നാല് അംഗങ്ങൾ ചേർന്ന് പാർട്ടികൾക്ക് 8 കോടി രൂപയും നൽകി. ചെയർമാൻ അശോക് പട്നി, മാനേജിങ് ഡയറക്ടർ സുരേഷ് പട്‌നി, ഡയറക്ടർ ഡോ. വിവേക് ​​പട്‌നി, പ്രസിഡൻ്റ് വിനീത് പട്‌നി എന്നിവരാണ് ആ നാല് പേർ.

വ്യക്തികൾ, വ്യക്തികളുടെ ഗ്രൂപ്പുകൾ, എൻജിഒകൾ, മതപരമോ അല്ലാത്തതോ ആയ ട്രസ്റ്റുകൾ, ഹിന്ദു കൂട്ടുകുടുംബങ്ങൾ (Hindu Undivided Family) തുടങ്ങിയവർക്ക് ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയും.