Fri. Nov 22nd, 2024

2017 ജൂൺ 18ന് നടന്ന ഇന്ത്യ- പാകിസ്താൻ ചാമ്പ്യൻസ് ട്രാഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിക്കൊണ്ട് 180 റൺസിന് പാകിസ്ഥാൻ വിജയിച്ചു. മധ്യപ്രദേശിലെ 17 മുസ്ലിം യുവാക്കൾക്ക് അവരെ സംബന്ധിച്ചടുത്തോളം അതൊരു ശപിക്കപ്പെട്ട ദിവസമായിരുന്നു. പാകിസ്ഥാൻ്റെ വിജയം ആഘോഷിച്ചുവെന്നും പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചുവെന്നും ആരോപിച്ച്  ബുർഹാൻപൂർ ഗ്രാമത്തിലുള്ള 15 യുവാക്കളും പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുമുൾപ്പെടെ  17 പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. 

മധുരപലഹാരം വിതരണം ചെയ്ത് പാകിസ്ഥാൻ്റെ വിജയം ആഘോഷിച്ച ഇവർ ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു  പോലീസിൻ്റെ ആരോപണം. ഐപിസി സെക്ഷൻ 120 B,  സെക്ഷൻ 153 A എന്നിവ പ്രകാരം ഗൂഢാലോചന, മതത്തിൻ്റെ പേരിൽ ജനങ്ങൾക്കിടയിൽ ശത്രുത ജനിപ്പിക്കൽ തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 

കുറ്റവാളികളായി ആരോപിക്കപ്പെട്ട ഇവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. ഇവരുടെ ഈ പ്രവൃത്തി ഗ്രാമത്തിൽ അശാന്തി സൃഷ്ടിച്ചുവെന്നും ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും പ്രോസിക്യൂഷൻ കോടതിൽ പറഞ്ഞു. 

പ്രോസിക്യൂഷൻ സാക്ഷിയായ സുഭാഷ് കോലി എന്ന വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇത് പോലീസ് കെട്ടിച്ചമച്ചതാണെന്ന് സുഭാഷ് കോലി കോടതിയിൽ അറിയിച്ചു. 

സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തൻ്റെ പിതാവിനെ തല്ലുകയും തൻ്റെ സുഹൃത്തായ കേസിൽ പ്രതി ചോർക്കപ്പെട്ട ഷാഹിദ് മൻസൂരിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. ശേഷമാണ് വീട്ടിൽ മത്സരം കണ്ട് കൊണ്ടിരുന്ന തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. തനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ പോലീസ് തയ്യാറായില്ലെന്നും അവർ എഴുതിയുണ്ടാക്കിയ ഒരു ഡോക്യുമെൻ്റിൽ തന്നെ ഭീഷണിപ്പെടുത്തി ഒപ്പു വെപ്പിക്കുകയും ചെയ്തുവെന്ന് സുഭാഷ് കോലി പറഞ്ഞു. അവർ പടക്കം പൊട്ടിക്കുന്നതോ ഇന്ത്യക്കെതിരായി മുദ്രാവാക്യം വിളിക്കുന്നതോ താൻ കണ്ടിട്ടില്ലെന്നും  സുഭാഷ് കോലി പറഞ്ഞു. തുടർന്ന് 2023 ഒക്ടോബർ 9ന് 17 പേരെയും കുറ്റവിമുക്തരാക്കാൻ കോടതി ഉത്തരവിട്ടു. 

സുഭാഷ് കോലി ആറ് മാസത്തിന് മുൻപ് ക്യാൻസർ രോഗത്തെ തുടർന്ന് മരിച്ചുവെന്നും കുറ്റോരേപിതനായ റുബാബ് നവാബ് എന്ന വ്യക്തി 2019ൽ ആത്മഹത്യ ചെയ്തുവെന്നും അഭിഭാഷകൻ ഷൊഹൈബ് അഹമ്മദ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

മധ്യപ്രദേശ്- മഹാരാഷ്ട്ര അതിർത്തിയിലുള്ള മൊഹാദ് എന്ന ഗ്രാമത്തിലുള്ളവരാണ് പ്രതിചേർക്കപ്പെട്ട 17 പേരും. സഞ്ജയ് പതക് എന്ന ഇൻസ്പെക്ടറാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് യുവാക്കൾ പറഞ്ഞു.

‘താൻ അവരെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അത് മെഡിക്കൽ റിപ്പോർട്ടിൽ വരേണ്ടതല്ലേ.എന്ത് കൊണ്ട് അത് കോടതിയിൽ സമർപ്പിച്ചില്ല. ഇന്ത്യക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് തെറ്റാണ്’, അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജയ് പതക് അതിന് മറുപടി പറഞ്ഞതിങ്ങനെയാണ്.

കേസിൻ്റെ സമയങ്ങൾ കുറ്റാരോപിതരായവർക്ക് കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു. ഗുജറാത്തിലും ആന്ധ്രപ്രദേശിലുമെത്തി പണിയെടുത്തിരുന്നവരായിരുന്നു അവർ. കേസിൻ്റെ ആദ്യത്തെ മൂന്ന് വർഷം എല്ലാ ദിവസവും ഞങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകണമായിരുന്നു. ആയതിനാൽ വെറും മുന്നൂറ് രൂപക്ക് വേണ്ടി ഞങ്ങൾ 12 മണിക്കൂറാണ് ചോള പാടങ്ങളിൽ പണിയെടുത്തത്. ഞങ്ങളുടെ കൈയിൽ ഭക്ഷണത്തിന് പോലും പണമില്ല. പിന്നെങ്ങനെയാണ് വിജയം ആഘോഷിക്കാനായി ഞങ്ങൾ മധുരം വാങ്ങുന്നതെന്നും പാകിസ്ഥാൻ കളിക്കാരുടെ പേരുകൾ പോലും എനിക്കറിയില്ലെന്നും 17 പേരിലൊരാളായ ഇമാം തദ്വി പറഞ്ഞു.

കേസ് കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നവർ, കേസിൻ്റെ സമ്മർദ്ദം കാരണം മരിച്ചവർ, കേസ് നടത്തി കടത്തിലായവർ തുടങ്ങി ദുരിതങ്ങൾ മാത്രമാണ് ഈ വ്യാജകേസ് അവർക്ക് സമ്മാനിച്ചതെന്ന് കുറ്റാരോപിതർ പറയുന്നു.

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.