Mon. Dec 23rd, 2024

ആഗോളതലത്തിൽ യുവാക്കൾ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഗവേഷണ റിപ്പോർട്ട്. മധ്യ ജീവിത പ്രതിസന്ധിക്ക് തുല്യമായ അനുഭവത്തിലൂടെ കടന്നുപോകുന്ന യുവാക്കള്‍ പഴയ തലമുറയെ അപേക്ഷിച്ച് സന്തുഷ്ടരല്ലെന്ന് 140 രാജ്യങ്ങള്‍ ഏകോപിപ്പിച്ച് നടത്തിയ ഗവേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഓക്‌സ്‌ഫോർഡ് യുണിവേഴ്‌സിറ്റിയുടെ വെല്‍ബീയിങ് റിസേർച്ച് സെന്റർ, ഗാലപ്പ്, ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയിനബിള്‍ ഡെവല‌പ്മെന്റ് സൊലൂഷന്‍സ് നെറ്റ്‌വർക്ക് എന്നിവ ചേർന്ന് തയ്യാറാക്കിയ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗവും വരുമാനത്തിലെ അസമത്വങ്ങളും ഗാർഹിക പ്രശ്നങ്ങളും യുദ്ധങ്ങളും കാലാവസ്ഥ പ്രശ്നങ്ങളും യുവാക്കള്‍ക്കിടയില്‍ ചർച്ചയാകുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

വടക്കേ അമേരിക്കയിലുടനീളമുള്ള ചെറുപ്പക്കാർ അവരുടെ മുതിർന്നവരേക്കാൾ സന്തോഷം കുറഞ്ഞവരാണെന്ന് അമേരിക്കയിലെ സർജന്‍ ജനറലായ ഡോ. വിവേക് മൂർത്തി അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനോട് വെളിപ്പെടുത്തി. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ ഇരുപതില്‍ നിന്ന് അമേരിക്കയെ പുറത്താക്കിയാതായി 2024 ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ട് വെളിപ്പെടുത്തി. 30 വയസിന് താഴെ പ്രായമുള്ളവരുടെ മാനസിക ക്ഷേമം കുറഞ്ഞതാണ് കാരണം.

നിലവിൽ വേള്‍ഡ് ഹാപ്പിനസ് റാങ്കിൽ അമേരിക്കയുടെ സ്ഥാനം ഇരുപത്തി മൂന്നാണ്. എന്നാൽ 30 വയസിന് താഴെയുള്ളവരുടെ മാത്രം പട്ടികയെടുത്താൽ 62-ാം സ്ഥാനത്താണ്.

റിപ്പോർട്ട് പ്രകാരം, 2017 വരെ അമേരിക്കയിലെ 15 – 24 വയസ് വരെ പ്രായമുള്ളവർ മുതിർന്നവരേക്കാള്‍ സന്തുഷ്ടരായിരുന്നു. 2017 മുതൽ ഇത് മാറുയാതായി റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയ്ക്ക് സമാനമായ സംഭവമാണ് യൂറോപ്പിലും നടക്കുന്നത്. അമേരിക്കയിലും ലോകമെമ്പാടും യുവാക്കൾ നിരാശരായി പോവുകയാണ്. ഇത് വലിയൊരു മുന്നറിയിപ്പാണെന്ന് റിപ്പോർട്ടിലൂടെ വിവേക് മൂർത്തി കണ്ടെത്തിയത്.

ലോകത്തിലെ ചില ഭാഗത്തെ കുട്ടികൾ ഇതിനകം തന്നെ മധ്യ ജീവിത പ്രതിസന്ധിക്ക് തുല്യമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നും അടിയന്തര നടപടി ആവശ്യമുണ്ടെന്നും വെല്‍ബീയിങ് റിസർച്ച് സെന്ററിന്റെ ഡയറക്ടറും പഠനത്തിന്റെ എഡിറ്ററുമായ പ്രൊഫ. ജാന്‍ ഇമ്മാനുവല്‍ ഡി നേവ് വ്യക്തമാക്കി.

ബ്രിട്ടണിലെ 30 വയസ്സിന് താഴെയുള്ള വിഭാഗം റാങ്കിംഗിൽ 32-ാം സ്ഥാനത്താണ്. മോൾഡോവ, കൊസോവോ, ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നായ എൽ സാൽവഡോർ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നിലാണ് ബ്രിട്ടണ്‍. എന്നാൽ 60 വയസ്സിന് മുകളിലുള്ള ബ്രിട്ടണിലെ ആളുകളുടെ വിഭാഗം ലോകത്തെ ഏറ്റവും സന്തുഷ്ടരായ മുതിർന്ന തലമുറയുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ ഇടം നേടി.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാ പ്രായക്കാരിലും സന്തോഷത്തിന്റെ അളവില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2021 – 23 കാലഘട്ടത്തില്‍ ഏറ്റവും നിരാശയില്‍ കഴിഞ്ഞതും 2010ല്‍ ഏറ്റവും സന്തുഷ്ടരായിരുന്നതും യുവാക്കളായിരുന്നെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും സന്തുഷ്ടരല്ലാത്ത രാജ്യങ്ങള്‍ അഫ്ഗാനിസ്താനും ലെബനനുമാണ്. ഒന്നാം സ്ഥാനത്ത് ഫിന്‍ലാന്‍ഡാണ്. പട്ടികയിൽ 126-ാം സ്ഥാനത്താണ് ഇന്ത്യ.