ന്യൂ ഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം. ഇതോടെ ഏകസിവില്‍ കോഡ് നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്.
വിവാഹം, വിവാഹമോചനം, സ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുമുള്ളവര്‍ക്ക് ഒരു നിയമം ബാധകമാക്കുക എന്നതാണ് ഈ ബില്‍.
ഫെബ്രുവരി ആറിനാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്ല് പാസാക്കിയത്. ഗവര്‍ണര്‍ ഫെബ്രുവരി 28 ന് ബില്ലില്‍ ഒപ്പ് വെച്ചിരുന്നു.
ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
- സംസ്ഥാനത്ത് വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് നിയമപരമായ എല്ലാ സ്വത്തവകാശങ്ങളുമുണ്ടാകും
- ഉത്തരാഖണ്ഡ് നിവാസികളല്ലാത്ത അവിവാഹിതപങ്കാളികളും രജിസ്റ്റര്‍ചെയ്യണം. ഇവരിലൊരാള്‍ മൈനറായാല്‍ രജിസ്ട്രേഷന്‍ പറ്റില്ല.
- പങ്കാളികളിലൊരാളുടെ പ്രായം 21 വയസ്സില്‍ കുറവാണെങ്കില്‍ രക്ഷിതാക്കളെ രജിസ്ട്രാര്‍ വിവരമറിയിക്കണം.
- പങ്കാളികളിലൊരാളെ ബലം പ്രയോഗിച്ചോ, യഥാര്‍ഥ വ്യക്തിത്വം മറച്ചുവെച്ചോ ആണ് കൂടെപ്പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും രജിസ്ട്രേഷന്‍ അനുവദിക്കില്ല.
- സാക്ഷ്യപത്രം നല്‍കുന്നതില്‍ വീഴ്ചവരുത്തുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ.
- രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ആറുമാസംവരെ തടവോ 25,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ.
- ലിവ് ഇന്‍ റിലേഷനിലുള്ള പുരുഷപങ്കാളിയാല്‍ സ്ത്രീപങ്കാളി വഞ്ചിക്കപ്പെട്ടാല്‍ അവര്‍ക്ക് ജീവനാംശം പുരുഷപങ്കാളി നല്‍കണം. അല്ലാത്തപക്ഷം സ്ത്രീക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.