തെൽഅവീവ്: കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സൈനികൻ വെടിവെച്ചുകൊന്നു. ഈ സൈനികനെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി. റാമി ഹംദാൻ അൽ ഹൽഹുലി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക് പോയിൻറിന് സമീപത്തായിരുന്നു സംഭവം.
സ്ഥലത്തെത്തിയ സൈനികൻ കുട്ടിയുടെ അടുത്ത് നിന്ന് നെഞ്ചിലേക്ക് വെടി വെക്കുകയായിരുന്നു. ആളുകൾ നോക്കി നിൽക്കുമ്പോഴായാണ് സൈനികൻ കുട്ടിയെ വെടിവെച്ച് കൊന്നത്. വെടിയേറ്റ റാമിയെ ഇസ്രായേൽ സേന അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് കുട്ടി മരണപ്പെട്ടതായി അറിയിച്ചു.
സൈനികനെ ഇസ്രായേലിലെ തീവ്ര വലതുപക്ഷ വാദിയും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറാണ് അഭിനന്ദിച്ചത്. ഇസ്രായേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കിയ ഭീകരനാണ് റാമിയെന്നും അവന് നേരെ വെടി വെച്ച സൈനികനെ സല്യൂട്ട് ചെയ്യുന്നുവെന്നും ഇറ്റാമർ എക്സിൽ കുറിച്ചു.