Sat. Jul 27th, 2024

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 17 കുട്ടികൾക്കും ഒരു സ്ത്രീക്കും വൈദ്യുതാഘാതമേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കാലി ബസ്തി പ്രദേശത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്.

അപകടം നടന്ന പ്രദേശത്തെ അമ്പലത്തില്‍ പ്രദക്ഷിണം വെക്കുകയായിരുന്ന കുട്ടികള്‍ക്കാണ് വൈദ്യുതാഘാതമേറ്റതെന്ന് കുൻഹരി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.

“കോളനിയിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇരുമ്പ് വടിയില്‍ കെട്ടിയ പതാകയാണ് കുട്ടികൾ പിടിച്ചത്. ഈ കൊടി വൈദ്യുത കമ്പിയില്‍ തൊടുകയും കുട്ടികളോടൊപ്പം ഒരു സ്ത്രീക്കും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നുവെന്ന്” സിഐ പറഞ്ഞു.

പരിക്കേറ്റ എല്ലാവരെയും കോട്ടയിലെ എംബിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിക്ക് 70% പൊള്ളലേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ നില ഗുരുതരമാണ്.

ലോക്‌സഭാ സ്പീക്കർ ഓം ബിർളയും കളക്ടർ രവീന്ദ്ര ഗോസ്വാമിയും രാജസ്ഥാൻ ഊർജ്ജ മന്ത്രി ഹീരാലാൽ നഗറും പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.