Mon. Dec 23rd, 2024

റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യക്കായി യുദ്ധം ചെയ്യാൻ നിർബന്ധിതനായ ഹൈദരാബാദ് സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജോലി തട്ടിപ്പിലൂടെ റഷ്യയിലെത്തിയ മുഹമ്മദ് അസ്ഫാൻ എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. 

റഷ്യയിൽ കുടുങ്ങിയ അസ്ഫാനെ തിരികെയെത്തിക്കണമെന്ന് അഭ്യർത്ഥിച്ച് കുടുംബം എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസസുദ്ദീൻ ഉവൈസിയെ സമീപിച്ചിരുന്നു. തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും മുഹമ്മദ് അസ്ഫാൻ്റെ മരണം എംബസി സ്ഥിരീകരിക്കുകയുമായിരുന്നു. 

ഇന്ത്യൻ വംശജനായ മുഹമ്മദ് അസ്ഫാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നും അസ്ഫാൻ്റെ മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

റഷ്യൻ സൈനികരെ സഹായിക്കാനെന്ന പേരിലാണ് ഏജൻ്റുമാർ വഴി   മുഹമ്മദ് അസ്ഫാൻ അടക്കമുള്ള ഒരു കൂട്ടം ഇന്ത്യക്കാർ റഷ്യയിലെത്തുന്നത്. റഷ്യൻ സൈനികരുടെ സഹായിയായി പ്രവർത്തിച്ച ഗുജറാത്ത് സ്വദേശിയായ ഹാമിൽ മംഗുകിയ(23) ഫെബ്രുവരി 21ന് യുക്രൈൻ്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഓൺലൈൻ പരസ്യത്തിലൂടെയാണ് റഷ്യയിലെ ജോലിക്കായി ഹാമിൽ മംഗുകിയ അപേക്ഷ നൽകിയത്.  നിരവധി ഇന്ത്യക്കാർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏകദേശം ഇരുപതോളം ഇന്ത്യക്കാരെ റഷ്യൻ സൈനികരുടെ സഹായികളെന്ന പേരിൽ റഷ്യയിലെത്തിച്ചിട്ടുണ്ടെന്നും അവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് റൺധീർ ജയ്സ്വാൾ ഫെബ്രുവരി 29ന് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ന്യൂഡൽഹിയിലും മോസ്കോയിലുമുള്ള അധികൃതരുമായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.