Sat. Jan 18th, 2025

മ്മു കശ്മീര്‍ മുന്‍ ഗവർണറും ബിജെപി നേതാവുമായിരുന്ന സത്യപാൽ മാലികിന്റെ വീട്ടിലുള്‍പ്പടെ 30 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. ജമ്മുകശ്മീരിലെ കിരു ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മാലികിന്റെ ഉടമസ്ഥതയിലുളള സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയത്.

ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ മാലികിന് രണ്ടു ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തതായാണ് ആരോപണം. കിരു പദ്ധതിയും  ഈ ഫയലില്‍ ഉള്‍പ്പെടുന്നു.

കിരു ജലവൈദ്യുത പദ്ധതിയില്‍ 2200 കോടി രൂപയുടെ സിവിൽ വർക്കുകൾ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് ഡല്‍ഹിയിലെയും ജമ്മു കാശ്മീരിലെയും എട്ട് സ്ഥലങ്ങളില്‍ കഴിഞ്ഞ മാസവും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ചതിനാണ് മാലികിനെതിരെയുള്ള ഈ റെയ്ഡെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. റെയ്ഡിനെ ഭയക്കുന്നില്ല എന്ന് മാലിക് വ്യക്തമാക്കി.

2019 ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മാലിക് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. പുൽവാമ ഭീകരാക്രമണത്തില്‍ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിന്  കാരണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നാണ് അന്ന് മാലിക് വെളിപ്പെടുത്തിയത്.

ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്  ഇക്കാര്യം  പറഞ്ഞപ്പോള്‍ പുറത്തുപറയരുതെന്നായിരുന്നു മോദിയുടെ നിര്‍ദേശമെന്ന് ‘ദി വയറി’ന് നല്‍കിയ അഭിമുഖത്തില്‍ മാലിക് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും പുറത്തുപറയരുതെന്ന് ഉപദേശിച്ചതായും മാലിക് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വര്‍ഷമായിട്ട് ആര്‍എസ്എസുമായി ബന്ധമുള്ളവരെയാണ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ടിട്ടുള്ളതെന്നും മാലിക് പറയുകയുണ്ടായി.

മണിപ്പൂരില്‍ നടന്ന ആക്രമണങ്ങള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്നതാണെന്നും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ മണിപ്പൂര്‍ പോലെ രാജ്യം മൊത്തം കത്തുമെന്നും മാലിക് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.

മാലിക് ബിജെപി നേതാവായിരുന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള സ്വന്തം നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. കര്‍ഷക സമരത്തെ പിന്തുണച്ച ബിജെപി നേതാവെന്ന നിലയിലും മാലിക് മുന്‍പ് മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. 2004 ലാണ് മാലിക് ബിജെപിയിലേക്ക് എത്തുന്നത്.

ബിജെപിയില്‍ നടക്കുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് എപ്പോഴും മാലിക് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.