Sun. Apr 28th, 2024

പോലീസ് സെലക്ഷനുള്ള ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിക്ക് പങ്കെടുക്കാമെന്ന് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കിയ പിഎസ്‌സി നടപടി ട്രിബ്യൂണൽ റദ്ദാക്കി.

തിരുവനന്തപുരം സ്വദേശിയായ ട്രാൻസ്‌മെൻ മുഹമ്മദ് സാദ് ബിൻ നവാസ് നൽകിയ പരാതിയിലാണ് ട്രിബ്യൂണലിന്റെ നടപടി. ജസ്റ്റിസ് പി വി ആശ, പി കെ കേശവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഹമ്മദ് സാദിനെ അയോഗ്യനാക്കരുതെന്നും ഫിസിക്കൽ എഫിഷ്യൻസിയിലും ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റിലും പങ്കെടുപ്പിക്കണമെന്നും ബെഞ്ച് പിഎസ്‌സിയോട് ഉത്തരവിട്ടു.

കേരള പോലീസിലേക്കുള്ള ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയില്‍ നിന്നും പിഎസ്‌സി അയോഗ്യനാക്കിയ നടപടി പിൻവലിക്കണമെന്നും 22/02/2024 ലെ ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും സ്റ്റേ ചെയ്യാനുമായിരുന്നു മുഹമ്മദ് സാദിന്റെ ഹർജി.

ഈ ഹർജിയിലാണ് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല വിധി. സെലക്ഷന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ട്രിബ്യൂണലിൽ ഹാജരാക്കാനും ഉത്തരവിൽ പറയുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.