Sun. Dec 22nd, 2024

ലോകത്തിലെ തന്നെ വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലുള്ളതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകര്‍. 24% ചെറുപ്പക്കാർ തൊഴിൽ രഹിതരാണെന്നും നിരവധി ചെറുപ്പക്കാർ അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്നും പറകാല പ്രഭാകര്‍ ‘മനോരമ ഓണ്‍ലൈന്‍’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പഞ്ചാബിലുൾപ്പെടെ വിദേശത്തേക്ക് കുടിയേറാന്‍ സഹായിക്കുന്ന ഏജന്‍സികളുടെ പരസ്യമാണ് എല്ലായിടത്തും കാണാന്‍ സാധിക്കുകയെന്ന് പറകാല പ്രഭാകർ വ്യക്തമാക്കി.

“2024 ൽ മോദി സർക്കാരിന്റെ വിജയവും പരാജയവും പ്രവചിക്കാൻ കഴിയാത്തതാണ്. മറ്റു രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നില്‍ക്കുകയും വോട്ടുകൾ കൃത്യമായി കൈമാറുകയും ചെയ്താൽ മാത്രമേ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് സാധ്യതയുള്ളൂ. സമൂഹത്തിന്റെ ഉള്ളിലേക്ക് വര്‍ഗീയതയുടെ വിഷം വളരെ ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുകയാണ്. സിവിൽ സൊസൈറ്റി സംഘങ്ങൾ ഇക്കാര്യത്തില്‍ പ്രവർത്തിക്കുകയും ജനങ്ങളുടെ ഉള്ളിൽ നിന്ന് ഈ വിഷത്തെ ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും വേണം. വർഗീയതയ്ക്ക് അത് പ്രചരിപ്പിക്കുന്നതിന് വലിയൊരു സൈന്യം തന്നെയുണ്ട്. എന്നാല്‍ മതേതര മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ആരും തന്നെയില്ല” എന്നും പറകാല പ്രഭാകർ പറയുന്നു.

“സമൂഹത്തിൽ പട്ടിണി പോലുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ക്ഷേമ പദ്ധതികൾ ആവശ്യമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി അത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും എന്നാൽ അത് നല്‍കുന്ന മറ്റു പാർട്ടികളെ വിമർശിക്കുകയും ചെയ്യുകയാണ് ” എന്ന് പറകാല പ്രഭാകർ പറയുന്നു.

“ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി സർക്കാർ മറ്റ് ഒട്ടേറെ പരിപാടികൾ കൊണ്ടുവരുകയും ചെയ്യുന്നു. മുൻപ് പാചകവാതകത്തിന്റെ വില ചെറിയ തോതിൽ വര്‍ധിപ്പിച്ചപ്പോള്‍ വലിയ പ്രതിഷേധമുണ്ടാക്കിയവരാണ് ഇന്ന് വളരെയധികം വില കൂട്ടികൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ വിഷയങ്ങളിൽ നിന്നും മാറ്റുന്നതിനായുള്ള സർക്കാരിന്റെ നീക്കങ്ങളാണിത്.

മോദിക്കുള്ള പബ്ലിസിറ്റി വളരെ വലിയ തോതിലാണ്. എവിടെ നോക്കിയാലും മോദിയുടെ ചിത്രമാണ് കാണാൻ സാധിക്കുക. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിക്ക് അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചത് പരസ്യത്തിനായാണ് ചിലവഴിച്ചതെന്നാണ് ഒരു യാഥാർഥ്യം. ഇത്രയൊക്കെ ചെയ്തിട്ടും ആകെ വോട്ടിന്റെ മൂന്നിലൊന്നു മാത്രമാണ് 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ഇന്നുള്ള വൈവിധ്യം നിലനിൽക്കുമോയെന്നും വർഗീയതയിൽ രാജ്യം ഇനിയും താഴോട്ട് പോകുമോ എന്നതുമെല്ലാം തീരുമാനിക്കുന്ന ഒരു നിർണായക തിരഞ്ഞെടുപ്പാണിത്. മണിപ്പൂരിൽ സംഭവിക്കുന്നത് കേരളത്തിലും മറ്റും സംഭവിക്കാം. ബിജെപി തന്നെയാണ് ഭരണത്തിൽ വരുന്നതെങ്കിൽ ആശങ്കപെടുക തന്നെ വേണം.” പറകാല പ്രഭാകർ അഭിപ്രായപ്പെടുന്നു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ഡോ. പറകാല പ്രഭാകറിന്റെ ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളും സാമ്പത്തിക രംഗത്തെയും മറ്റും പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്.