Sat. Jan 18th, 2025

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു

മുത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഭൂഅവകാശം നിഷേധിക്കപ്പെട്ട ആദിവാസി സമൂഹത്തിന് നേരെ അതിക്രൂരമായ അതിക്രമങ്ങളാണ് 2003, ഫെബ്രുവരി 19 ന് നടന്നത്. സ്വന്തം ഊര് സ്ഥാപിക്കാനാണ് ഭൂസമരത്തിലൂടെ ആദിവാസികള്‍ ശ്രമിച്ചത്. ഏകദേശം എഴുനൂറോളം ആദിവാസികളെയാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നും എവിടെയും എത്താതെ കേസുകളുമായി അവര്‍ കോടതി വരാന്തകളില്‍ കയറിയിറങ്ങുന്നു.

1960 ല്‍ വന്യജീവി സംരക്ഷണത്തിന്റെ പേരിലാണ് ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയത്. പിന്നീട് 1980 ല്‍ യൂക്കാലിപ്റ്റസ് തോട്ടത്തിന്റെ പേരിലും ആദിവാസികളെ കുടിയിറക്കുകയുണ്ടായി. മുത്തങ്ങയിലെ ആ ഭൂമിയിൽ പാരമ്പര്യാവകാശങ്ങളുള്ളവരായിരുന്നു അതില്‍ കൂടുതല്‍ പേരും.

ആദിവാസികള്‍ അവരുടെ ഭൂമിയിൽ നിന്നും പുറന്തള്ളപ്പെടുകയും പകരം അവര്‍ക്ക് ഭൂമി നൽകാതിരിക്കുകയും ചെയ്ത സർക്കാർ നടപടികൾക്ക് നേരെയായിരുന്നു ആദിവാസി ജനവിഭാഗത്തിന്റെ സമരം ആരംഭിച്ചത്.  ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ – 244 അനുശാസിക്കുന്ന വിധം സ്വന്തം ഊര് സ്ഥാപിക്കുന്നതിനായി 28 ഓളം ഊരു സഭകളാണ് അവര്‍ ഉണ്ടാക്കി. കാടിനെയും ആരെയും ഉപദ്രവിക്കാതെ 700ഓളം കുടിലുകള്‍ മുത്തങ്ങയില്‍ ഉയര്‍ന്നു.

മുത്തങ്ങ വനത്തിൽ പൊലീസ് Screen-grab, Copyrights: scroll.in

2003 ഫെബ്രുവരി 17 ന് ആദിവാസികളുടെ കുടിലിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തീ വെച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ആദിവാസികള്‍ ബന്ദികളാക്കി. പിന്നീട് ഉദ്യോഗസ്ഥരെ മോചിപ്പിച്ചെങ്കിലും സമരക്കാർ പോരാട്ടം തുടര്‍ന്നു. ഇതിനിടെ ഫെബ്രുവരി 19 ന് പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു. പൊലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവും പോലീസ്‌ ഉദ്യോഗസ്ഥനായ വിനോദും കൊല്ലപ്പെട്ടു.

ആദിവാസി ജനതയുടെ പ്രശ്നങ്ങള്‍ മുത്തങ്ങ സമരത്തിന് ശേഷവും പൂര്‍ണമായി പരിഹാരിക്കപ്പെടാതെ തുടരുകയാണ്. സമരക്കാര്‍ക്കെതിരെ വനംവകുപ്പിന്റേതുള്‍പ്പെടെ 18 കേസുകളായിരുന്നു ആദ്യം രേഖപ്പെടുത്തിയിരുന്നത്. അതില്‍ മൂന്നു കേസുകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടുത്തവും വനപാലകരെ ബന്ദികളാക്കലും, വനം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പോലീസുകാരന്‍ കെ വിനോദിന്റെ മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളായാണ് സമരക്കാര്‍ കോടതികള്‍ കയറിയിറങ്ങുകയാണ്.

ഒരു കേസ് വയനാട് ജില്ലാ സെഷന്‍സ് കോടതിയിലും മറ്റ് രണ്ടെണ്ണം എറണാകുളം സിജെഎം കോടതിയിലുമാണ് തുടരുന്നത്.

ആദിവാസികൾക്ക് നേരെ പൊലീസിൻറെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങൾക്ക് മേൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള വിവിധ ഏജൻസികൾ ശുപാർശ ചെയ്തിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. ജോഗി എന്ന ആദിവാസിയുടെ മരണം സംബന്ധിച്ചും അന്വേഷണം ഉണ്ടായില്ല. എന്നാല്‍ ഇരുപത്തിയൊന്ന് വര്‍ഷത്തിനിപ്പുറവും ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ അവർ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. വിവിധ കോടതികളിൽ വിചാരണ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. 

മുത്തങ്ങ വനത്തിൽ ആദിവാസികൾക്കെതിരെ  ലാത്തി വീശുന്നപൊലീസ്  Screen-grab, Copyrights: scroll.in

2001 ല്‍ ആഴ്ചകളുടെ വ്യത്യാസത്തില്‍ 36 ആദിവാസികള്‍ പട്ടിണി മൂലം മരണപ്പെട്ടതോടെയാണ് ഭൂപ്രശ്‌നങ്ങളില്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് 2001 ആഗസ്‌ററിൽ ആദിവാസി ഗോത്രമഹാസഭയുടെ കീഴിൽ സെക്രട്ടറിയേറ്റിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തുന്നത്.

48 ദിവസം നീണ്ട സമരത്തിനൊടുവിൽ ആദിവാസി പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്നും വനഭൂമി ഏറ്റെടുത്ത് നൽകുമെന്നുമുള്ള അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിയുടെ വാഗ്ദാനത്തിലാണ് കുടിൽകെട്ടി സമരം അവസാനിക്കുന്നത്. ലഭ്യമായ ഭുമിയൂടെ അളവനുസരിച്ച് ആദിവാസികൾക്ക് ഭുമി നൽകുമെന്നും പുതുതായി നൽകുന്ന ഭൂമി അന്യാധീനപ്പെട്ടുപോകാതിരിക്കാൻ സംരക്ഷിത നിയമം പാസ്സാക്കുമെന്നും കരാറിലുണ്ടായിരുന്നു.

കരാറനുസരിച്ച് 2002 ജനുവരി ഒന്നിനാണ് ഭൂവിതരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ 2003 ആയിട്ടും ഇതിൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയിൽ 2003 ൽ കൊച്ചിയിൽ നടന്ന ഇന്റർനാഷണൽ ഗ്ലോബൽ ഫെസ്റ്റിൽ മുത്തങ്ങ പ്രദേശം ഒരു മൾട്ടിനാഷണൽ കമ്പനിക്ക് വിൽക്കാൻ തീരുമാനമെടുത്തതായി ഗോത്രമഹാസഭ അറിയുന്നത്.

കൂടാതെ 1914 ലെ ബ്രിട്ടീഷ് സർക്കാർ ഓർഡറിൽ പണിയ, കാട്ടുനായ്ക്ക സമുദായത്തിൽപെട്ട ആദിവാസികൾക്ക് മുത്തങ്ങ ഭൂമിയിൽ പാരമ്പര്യ അവകാശമുള്ളതായി പറഞ്ഞിരുന്നു. പക്ഷേ 1960 കളിൽ ഇവിടെ നിന്ന് ആദിവാസികളെ കുടിയിറക്കുകയാണുണ്ടായത്. 1963 ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി പിടിച്ചെടുത്ത ഈ ഭൂമി പിന്നീട് 1971 ലെ ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടി’ൽ ഉൾപ്പെടുത്തി റവന്യൂ ഫോറസ്റ്റായി നിശ്ചയിക്കുകയായിരുന്നു.

മാധവമേനോന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് മുത്തങ്ങ പ്രദേശത്തുള്ള 12000 ഏക്കർ ഭൂമി ‘വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടി’ൽ ഉൾപ്പെടുത്തിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ അൻപത് ശതമാനം ഭൂരഹിതരായ ആളുകൾക്ക് പതിച്ചുനൽകണമെന്ന് നിയമങ്ങളുണ്ടായിട്ടും 1975 – 80 കളിൽ ബിർളയുടെ യൂക്കാലിപ്റ്റസ് തോട്ടത്തിന് വേണ്ടി ഇവിടെനിന്ന് ആദിവാസികളെ കുടിയൊഴിപ്പിച്ച ചരിത്രം മുന്നിലുള്ളതുകൊണ്ടാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ പ്രദേശത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനിച്ചത്.

സമരം ചെയ്ത ആദിവാസികൾക്കെതിരെ പൊലീസ് ആക്രമണം Screen-grab, Copyrights: The News Minute

സർക്കാറിനു മുന്നിലുള്ള പ്രധാന വിഷയങ്ങൾ പെസ നിയമം, സുപ്രീംകോടതി അനുമതി നൽകിയ 19000 ഏക്കർ വനഭൂമിയുടെ വിതരണം, വനാവകാശ നിയമം നടപ്പാക്കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട അഞ്ചേക്കറിന് താഴെയുള്ള ഭൂമിക്ക് പകരം ഭൂമി നൽകുക എന്നിവയാണ്. ആദിവാസികൾക്ക് ലഭിക്കേണ്ട ജനാധിപത്യ അവകാശങ്ങളെല്ലാം സർക്കാർ അട്ടിമറിക്കുകയാണ്. പെസ നിയമം നടപ്പാക്കുന്നതിന് കേന്ദ്ര പട്ടികവർഗ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി നൽകാൻ കേരള സർക്കാറിന് കഴിഞ്ഞിട്ടില്ല. വനാവകാശ നിയമം പ്രത്യേകിച്ച് സാമൂഹിക വനാവകാശം നടപ്പാക്കുന്നതിനും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമത്തെക്കുറിച്ച് പഠിപ്പിക്കണമെന്നാണ് എജി (അക്കൗണ്ടന്റ് ജനറൽ) പരിശോധന റിപ്പോർട്ട് നൽകിയത്. ഭൂരഹിതരായ ആദിവാസികൾക്ക് സുപ്രീംകോടതി അനുവദിച്ച 19000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ 10000 ഏക്കറോളം ഇപ്പോഴും വിതരണം ചെയ്തിട്ടില്ല.

2009 ൽ ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍റെ ഉത്തരവിട്ടിരുന്നത് പ്രകാരം സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആദിവാസികൾക്ക് അടിയന്തരമായി നിക്ഷിപ്ത വനഭൂമി നൽകണമെന്നായിരുന്നു. എന്നാല്‍ അതും കടലാസിലൊതുങ്ങുകയായിരുന്നു.

അന്ന് സമരത്തിനായി ഉണ്ടായിരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളാണ്. അതില്‍ ചിലര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. തുടര്‍ന്ന് മുത്തങ്ങ സമരത്തിലെ ഭൂമി ലഭിക്കാന്‍ വേണ്ടി 2014 ല്‍ നില്‍പ്പുസമരം നടത്തി. അന്ന് മുത്തങ്ങയിലെ ഇരകൾക്ക് ഭൂമി നൽകാമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകി. 445 കുടുംബങ്ങൾക്ക് ഭൂമി നൽകാൻ ഉത്തരവിറക്കി. വയനാട്ടിൽ 1229 ഹെക്ടർ നിക്ഷിപ്ത വനഭൂമി അതിനായി നൽകാമെന്നായിരുന്നു ഉറപ്പ്. ആ വാക്ക് ഇന്നും പാലിച്ചിട്ടില്ല.

മുത്തങ്ങ സമരത്തിന് ശേഷവും കേരളത്തിലെ ആദിവാസി ദളിത്‌ വിഭാഗങ്ങളുടെ ഭൂപ്രശ്നം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരുളത്തും  മരിയാനാടുമെല്ലാം ഇത്തരത്തില്‍ ഭൂസമരം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഭൂമി നല്‍കാമെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറയുന്നുണ്ടെങ്കിലും പലപ്പോഴും അതെല്ലാം പാഴ്വാക്കുകളാവുകയാണ്. ഭൂപ്രശ്നത്തില്‍ പൂര്‍ണമായും പരിഹാരം ഇനിയുമുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

FAQs

എന്താണ് വനാവകാശ നിയമം?

വനത്തിൽ വസിക്കുന്ന ആദിവാസി സമൂഹങ്ങളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനവിഭവങ്ങൾക്കുള്ള അവകാശങ്ങൾ അംഗീകരിക്കുന്നു. ഈ സമുദായങ്ങൾ ഉപജീവനം, വാസസ്ഥലം, മറ്റ് സാമൂഹിക – സാംസ്കാരിക ആവശ്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്നു.

എന്താണ് നിൽപ്പുസമരം?

ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഗവൺമെന്റ് സെക്രട്ടറിയേറ്റിന് മുൻവശം ആദിവാസി ഗോത്രമഹാസഭ ഉൾപ്പെടെയുള്ള വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 2014 ജൂലായ് ഒമ്പതിന് തുടങ്ങിയ അനിശ്ചിതകാല സമരമാണ് നിൽപ്പുസമരം.

എന്താണ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട്?

സംസ്ഥാനത്തെ എല്ലാ സ്വകാര്യ വനങ്ങളും കർഷകർക്കും കർഷക തൊഴിലാളികൾക്കും കൃഷി ചെയ്യുന്നതിനുള്ള തുടർന്നുള്ള നിയമനവും സംസ്ഥാന സർക്കാരിൽ നിക്ഷിപ്‌തമാക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

Quotes

പ്രവര്‍ത്തനം എല്ലായ്പ്പോഴും സന്തോഷം നല്‍കില്ലായിരിക്കാം, എന്നാല്‍ പ്രവര്‍ത്തനമില്ലാതെ സന്തോഷമില്ല – ബെഞ്ചമിന്‍ ഡിസ്രേലി