Fri. May 3rd, 2024

ർഷക സമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകളും ലിങ്കുകളും പ്രവർത്തനരഹിതമാക്കാൻ നിർദേശിച്ച് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടി ഫേസ്ബുക്, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ്, എക്സ്, സ്നാപ്സ് തുടങ്ങിയ മുൻനിര സോഷ്യൽ മീഡിയ കമ്പനികളോടാണ് അക്കൗണ്ടുകൾ പ്രവര്‍ത്തനരഹിതമാക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പ്രവര്‍ത്തനരഹിതമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 14 നും 19 നുമാണ് ഈ മന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

35 ഫേസ്ബുക് ലിങ്കുകൾ, 35 ഫേസ്ബുക് അക്കൗണ്ടുകൾ, 14 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, 42 എക്സ് അക്കൗണ്ടുകൾ, 49 എക്സ് ലിങ്കുകൾ, 1 സ്നാപ്പ് ചാറ്റ്, 1 റെഡ്ഡിറ്റ് അക്കൗണ്ട് എന്നിവയാണ് മന്ത്രാലയം പ്രവര്‍ത്തനരഹിതമാക്കിയത്. ഫേസ്ബുക്, എക്സ് അക്കൗണ്ടുകൾ സർക്കാർ എടുത്തുകളയുന്നത് സാധാരണമാണെങ്കിലും ആദ്യമായാണ് സ്നാപ് പ്രവർത്തനരഹിതമാക്കുന്നതിനായി കേന്ദ്രം ഉത്തരവ് പുറപ്പെടുവിക്കുന്നത്.

അതേസമയം, റെഡ്ഡിറ്റ് ഒഴികെയുള്ള എല്ലാ കമ്പനികളുടെയും പ്രതിനിധികൾ പങ്കെടുത്ത സെക്ഷൻ 69 എ ബ്ലോക്കിംഗ് കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ച നടന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോട്ട് പ്രകാരം, മെറ്റ, എക്സ് എന്നിവയുടെ പ്രതിനിധികൾ മുഴുവൻ ചാനലുകളും പ്രവര്‍ത്തനരഹിതമാക്കുന്നതിനെതിരെ പ്രതികരിക്കുകയും കര്‍ഷക സമരവുമായി ബന്ധപ്പെട്ട ഉള്ളടക്കം അടങ്ങിയ പ്രത്യേക യുആര്‍എല്‍ (URL) കൾ തടയണമെന്ന് നിർദേശിക്കുകയും ചെയ്തു. അക്കൗണ്ടുകൾ വീണ്ടും പുനസ്ഥാപിച്ചാല്‍ അത് ക്രമസമാധാന പ്രശ്നത്തിലേക്ക് നയിക്കുമെന്ന് കമ്മിറ്റി ചൂണ്ടികാട്ടി.

യൂണിയനിസ്റ്റ് സിഖ് മിഷന്‍ ചിന്തകന്‍ മനോജ് സിംഗ് ദുഹാൻ്റെ എക്‌സ് അക്കൗണ്ടും രാഷ്ട്രീയക്കാരനായ ലഖാ സിംഗ് സിദ്ധാനയെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പേജുകളും പ്രവർത്തനരഹിതമാക്കിയ പ്രമുഖ അക്കൗണ്ടുകളിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 14 ലെ ഉത്തരവ് പ്രകാരം പ്രവർത്തനരഹിതമാക്കിയ അക്കൗണ്ടുകളുടെയും യുആര്‍എല്ലുകളുടെയും ആകെ എണ്ണം ഇതുവരെ വ്യക്തമല്ല. കിസാൻ ഏക്താ മോർച്ചയുടെയും പ്രോഗ്രസീവ് ഫാർമേഴ്‌സ് ഫ്രണ്ടിൻ്റെയും എക്സ് പ്രൊഫൈലുകളും പ്രവർത്തനരഹിതമാക്കിയ അക്കൗണ്ടുകളിൽ ഉൾപ്പെടുന്നുണ്ട്.