Sun. Dec 22nd, 2024

കോൺഗ്രസിലെ പല തട്ടുകളിലുള്ള നിരവധി നേതാക്കന്മാര്‍ നേരത്തെയും ബിജെപിയിലേക്ക് കൂടുമാറിയിട്ടുണ്ട്. അതില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ ഒരു നിര തന്നെയുണ്ട്

ഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ രണ്ടുദിവസം മുന്‍പാണ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുൻ മുഖ്യമന്ത്രി എസ് ബി ചവാൻ്റെ മകനും മുതിർന്ന കോൺഗ്രസ് നേതാവുമാണ് അശോക് ചവാൻ. തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ബിജെപിയിലേക്കുള്ള അശോക് ചവാന്‍റെ പെട്ടന്നുണ്ടായ ഈ കൂറുമാറ്റം.

 “ഞാൻ കോൺഗ്രസിനൊപ്പമുണ്ടായിരുന്നപ്പോൾ ആത്മാർത്ഥത പുലർത്തിയിരുന്നു. ലോക്‌സഭയിലായാലും സംസ്ഥാന തെരഞ്ഞെടുപ്പായാലും എനിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പാക്കും പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്നും” ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പറഞ്ഞു. 

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ Screen-grab, Copyrights: India Today

കോൺഗ്രസിലെ പല തട്ടുകളിലുള്ള നിരവധി നേതാക്കന്മാര്‍ നേരത്തെയും ബിജെപിയിലേക്ക് കൂടുമാറിയിട്ടുണ്ട്. അതില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ ഒരു നിര തന്നെയുണ്ട്. ഈ കൂടുമാറ്റത്തിന് കാരണം അവരുടെ അധികാരമോഹം  തന്നെയാണെന്ന് നിസംശയം പറയാം . ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറിയ ഏതാനം മുന്‍ മുഖ്യമന്ത്രിമാര്‍ ഇതാ,

കിരൺ കുമാർ റെഡ്ഡി 

മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി 2023 മാര്‍ച്ചില്‍ കോൺഗ്രസിൽ നിന്നും രാജിവെച്ച് ഒരു മാസത്തിന് ശേഷം ബിജെപിയില്‍ ചേരുകയായിരുന്നു.

“ഈ കത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള എൻ്റെ രാജിയായി ദയവായി സ്വീകരിക്കുക.” എന്നായിരുന്നു കിരൺ കുമാർ റെഡ്ഡി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നല്‍കിയ ഒറ്റവരി രാജി കത്തില്‍ എഴുതിയത്.

കിരൺ കുമാർ റെഡ്ഡി Screen-grab, Copyrights: Hindustan Times

2010 മുതല്‍ 2014 വരെയാണ് കിരൺ കുമാർ റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. 2014 ൽ  ആന്ധ്രാപ്രദേശ് സംസ്ഥാന വിഭജനത്തെ ശക്തമായി എതിർക്കുകയും ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപികരിക്കാനുള്ള യുപിഎ സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. പിന്നീട് 2014 ല്‍ ‘ജയ് സമൈക്യന്ദ്ര’ എന്ന പാര്‍ട്ടി കിരൺ കുമാർ റെഡ്ഡി രൂപീകരിച്ചെങ്കിലും 2018 ല്‍ പാര്‍ട്ടി പിരിച്ചുവിടുകയും വീണ്ടും കോൺഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. 

അമരീന്ദർ സിംഗ് 

പഞ്ചാബിലെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൻ്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിനെ ബിജെപിയില്‍ ലയിപ്പിച്ച ശേഷം ബിജെപിയിൽ ചേരുകയായിരുന്നു.

2002 മുതല്‍ 2007 വരെയും 2017 മുതല്‍ 2021 വരെയും അമരീന്ദർ സിംഗ്  പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) ചീഫായ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായുള്ള മാസങ്ങളുടെ തർക്കത്തെ തുടർന്ന് 2021 സെപ്റ്റംബറിൽ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും കോൺഗ്രസ് വിടുകയും ചെയ്തു. 

എസ്എം കൃഷ്ണ 

2017 ലാണ് മുൻ കർണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. 1999 മുതല്‍ 2004 വരെയാണ് എസ്എം കൃഷ്ണ മുഖ്യമന്ത്രിയായിരുന്നത്. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറും 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയുമായിരുന്നു. 

ദിഗംബർ കാമത്ത്

ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് രണ്ടുതവണയാണ് ബിജെപിയിലേക്ക് കൂടുമാറിയിട്ടുള്ളത്. 1994 ലാണ് ദിഗംബർ കാമത്ത് ആദ്യമായി കോൺഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറുന്നത്. 2005ൽ കോൺഗ്രസിൽ തിരിച്ചെത്തിയ ദിഗംബർ കാമത്ത് മനോഹർ പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2007 മുതൽ 2012 വരെ ദിഗംബർ കാമത്ത് ഗോവ മുഖ്യമന്ത്രിയായിരുന്നു. 2022 ല്‍ ദിഗംബർ കാമത്ത് വീണ്ടും ബിജെപിയിലേക്ക് തിരിച്ചു പോവുകയായിരുന്നു.

വിജയ് ബഹുഗുണ

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ 2016 ലാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മാറുന്നത്. 2012 മാർച്ച് മുതൽ 2014 ജനുവരി വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ  കോൺഗ്രസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് 2016 ല്‍ സംസ്ഥാനത്തെ എട്ട് മുൻ എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേരുകയായിരുന്നു. 

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ Screen-grab, Copyrights: Indian Express

എന്‍ ഡി തിവാരി

മൂന്ന് തവണ ഉത്തർപ്രദേശിന്‍റെയും ഒരു തവണ ഉത്തരാഖണ്ഡിൻ്റെയും മുഖ്യമന്ത്രിയായിരുന്നു നാരായൺ ദത്ത് തിവാരി. 2002 മുതൽ 2007 വരെ ഉത്തരാഖണ്ഡിൻ്റെ മുഖ്യമന്ത്രിയായും 1976 മുതല്‍ 1989 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും തിവാരി സേവനമനുഷ്ഠിച്ചു. 2007 മുതൽ 2009 വരെ ആന്ധ്രാപ്രദേശിൻ്റെ ഗവർണറായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായ തിവാരി 1963 ല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസില്‍ ചേരുകയായിരുന്നു. 2017 ല്‍ തിവാരിയും മകൻ രോഹിത് ശേഖറും ബിജെപിയിലേക്ക് കൂടുമാറി.

പേമ ഖണ്ഡു

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പേമ ഖണ്ഡു 2016 ലാണ് ബിജെപിയില്‍ ചേരുന്നത്. അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഡോർജി ഖണ്ഡുവിൻ്റെ മകനാണ് പേമ ഖണ്ഡു. പിതാവിന്റെ മരണ ശേഷം കോൺഗ്രസ് സ്ഥാനാർത്ഥിയായി പേമ ഖണ്ഡു വിജയിക്കുകയായിരുന്നു. 2016 ജൂലൈയില്‍ പേമ ഖണ്ഡു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി. 2016 സെപ്റ്റംബറിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേക്ക് പേമ ഖണ്ഡു കൂറുമാറി. 2016 ഡിസംബറിൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൻ്റെ 32 എംഎൽഎമാർക്കൊപ്പം പേമ ഖണ്ഡുവും ബിജെപിയിൽ ചേര്‍ന്നു.

ജഗദാംബിക പാൽ

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ജഗദാംബിക പാൽ ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നും കൂടുമാറിയെത്തിയതാണ്. 15-ാം ലോക്‌സഭയിലും 16-ാം ലോക്‌സഭയിലും അംഗമായിരുന്ന ജഗദാംബിക പാൽ, 2014 മാർച്ച് 7 ന് രാജിവെക്കുന്നതുവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായിരുന്നു.

നാരായൺ റാണെ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ ശിവസേന അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് 2005 ൽ കോൺഗ്രസില്‍ ചേര്‍ന്നു.  2017 ല്‍ കോണ്‍ഗ്രസ് വിടുകയും സ്വാഭിമാൻ പക്ഷയ്ക്ക് നാരായൺ റാണെ തുടക്കമിടുകയും ചെയ്തു. 2018 ൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബിജെപി നാമനിർദ്ദേശത്തിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീട് 2019 ൽ നാരായൺ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയുമായി ലയിപ്പിക്കുകയുമുണ്ടായി.

FAQs

എന്താണ് പഞ്ചാബ് ലോക് കോൺഗ്രസ്?

പഞ്ചാബ് ലോക് കോൺഗ്രസ് ഒരു ഇന്ത്യൻ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായിരുന്നു. പഞ്ചാബിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന്, പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് പുറത്തുകടന്നതിന് ശേഷം 2021 നവംബർ 2 ന് അമരീന്ദർ സിംഗ് ഇത് സ്ഥാപിച്ചു. 2022 സെപ്റ്റംബർ 19 ന് പഞ്ചാബ് ലോക് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു.

Quotes

പരിപൂർണ്ണത അന്വേഷിക്കുന്നവർ ഒരിക്കലും സംതൃപ്തനായിരിക്കില്ല – ലിയോ ടോൾസ്റ്റോയ്