Thu. May 2nd, 2024

മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി കർഷകർ ഒത്തുചേർന്നപ്പോള്‍ ശംഭുവിൽ രാവിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയുണ്ടായി

രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകർ തങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ഫെബ്രുവരി 13 ന് ഡൽഹിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. രണ്ടായിരത്തിലധികം ട്രാക്ടറുകളിൽ കാൽലക്ഷത്തോളം വരുന്ന കർഷകരാണ് സമരത്തിൽ പങ്കുചേര്‍ന്നത്. സംയുക്ത കിസാൻ മോർച്ച-നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘ദില്ലി ചലോ’ മാർച്ചിനെ നേരിടാൻ ഡൽഹി, ഹരിയാന പൊലീസും ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ശംഭു അതിർത്തിയിൽ കർഷകർ ഒത്തുകൂടുന്നു Screen-grab, Copyrights: Telegraph India

സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന് ട്രെ​യി​നി​ൽ ഡൽഹിയിലേക്ക് പുറപ്പെട്ട നൂറോളം വരുന്ന കർഷക സംഘത്തെ ഭോപാലിൽ വെച്ച് മധ്യപ്രദേശ് പൊലീസ് തടഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ നോയിഡയിൽ വെച്ച് പൊലീസ് തടഞ്ഞു. സമരത്തിന് മുന്നോടിയായി ഫെബ്രുവരി 12 മുതൽ ഒരു മാസത്തേക്ക് ഡൽഹിയിൽ പൊലീസ് നി​രോ​ധനാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. അതിര്‍ത്തിയില്‍ പൊലീസ് കര്‍ഷകരെ തടഞ്ഞത് സംഘര്‍ഷങ്ങളിലേക്ക് നയിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ച് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സമരത്തിനു മുന്നോടിയായി കർഷകരുടെ യാത്ര തടസ്സപ്പെടുത്തുന്നതിന് ഡൽഹി അതിർത്തികളിൽ ബാരിക്കേഡുകൾക്ക് പുറമെ കോൺഗ്രീറ്റ്‌ സ്ലാബുകളും മുള്ളുവേലികളുമാണ് പൊലീസ് സ്ഥാപിച്ചത്.

സമരത്തെ തടസ്സപ്പെടുത്തുന്നതിനും പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിപ്പിക്കുന്നതിനുമായി ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്റെർനെറ്റ് നിരോധിക്കുകയും മെസേജുകൾ അയക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കര്‍ഷ​ക​ര്‍ക്ക് പ​ര​മാ​വ​ധി 10 ലി​റ്റ​ര്‍ മാ​ത്രം ഇ​ന്ധ​നം വി​റ്റാ​ൽ മതിയെന്നും നിർദേശമുണ്ട്. ക്രമസമാധാനപാലനത്തിനായി ഡല്‍ഹി അതിര്‍ത്തി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പൊലീസ്‌ 144-ാം വകുപ്പ് ഏര്‍പ്പെടുത്തി.

ദേശീയ തലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കര്‍ഷക സംഘങ്ങള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ഷകരെ പിരിച്ചുവിടുന്നതിനായി ഹരിയാന – പഞ്ചാബ്‌ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയുണ്ടായി.

കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിക്കുന്നു Screen-grab, Copyrights: New Indian Express

കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സമരം മുന്നോട്ടു കൊണ്ട് പോകാനായി ആദ്യ ദിവസം കര്‍ഷകര്‍ക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ ‘ദില്ലി ചലോ’ മാർച്ച് രണ്ടാം ദിനത്തിൽ കർഷകർ സമരം ശക്തമാക്കുകയാണ്. കൂടുതൽ കർഷകരെ രണ്ടാം ദിവത്തെ മാർച്ചിൽ അണിനിരക്കി. മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി കർഷകർ ഒത്തുചേർന്നപ്പോള്‍ ശംഭുവിൽ രാവിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയുണ്ടായി.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വലിയ വോട്ട് ബാങ്കായ കർഷകരെ പിണക്കുക എന്നത് ബിജെപി ഒരിക്കലും ഗുണകരമാവില്ല. അതുകൊണ്ട് തന്നെ മാര്‍ച്ച് ഒഴിവാക്കുന്നതിനായി കര്‍ഷകരുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടില്‍ കേന്ദ്രം നില്‍ക്കുകയുണ്ടായി. ഫെബ്രുവരി 12 ന് രാത്രി കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ അവസാനഘട്ട ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു. തുടര്‍ന്നാണ്‌ പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് ഫെബ്രുവരി 13ന് മാർച്ച് ആരംഭിക്കുന്നത്.

ഇന്നലെയോ ഇന്നോ കൊണ്ട് പെട്ടന്ന് ഉണ്ടായതല്ല ഈ കർഷക സമരം. ഫെബ്രുവരി 13 ലെ സമരത്തിനായി മൂന്നു മാസമായി തയ്യാറെടുപ്പിലാണെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

2020 – 21 ൽ ഒരു വർഷത്തോളം നീണ്ടു നിന്ന കര്‍ഷക സമരം അവസാനിപ്പിച്ചുകൊണ്ട് മടങ്ങുമ്പോള്‍ അന്ന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിരുന്നു. കേന്ദ്രം കർഷകർക്ക് നൽകിയ ഉറപ്പുകളിൽ താങ്ങുവില നടപ്പിലാക്കുമെന്നും, കേസുകൾ പിൻവലിക്കുമെന്നും പറഞ്ഞിരുന്നു. നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിക്ഷേധിച്ചാണ് ഒരു കൂട്ടം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ‘ദില്ലി ചലോ’ മാർച്ച് നടത്തുന്നത്.

രണ്ടാം ഘട്ട കർഷക പ്രക്ഷോഭത്തിൽ 10 ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്,

  1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.  
  2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.  
  3. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക, നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.  
  4. ലഖിംപൂർ – ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.  
  5. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻവാങ്ങുകയും എല്ലാ സ്വതന്ത്ര വ്യാപാര കരാറുകൾക്കും നിരോധനം ഏർപ്പെടുത്തുകയും ചെയ്യുക.
  6. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.  
  7. മുൻ വർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.  
  8. 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക  
  9. തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക, മിനിമം കൂലി 700 ആക്കി ഉയർത്തുക.  
  10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.

തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സര്‍ക്കാരിനെതിരെയുള്ള ഈ രണ്ടാം ഘട്ട കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിന് ഏറെ വെല്ലുവുളി നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി എല്ലാം ഒതുക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി കര്‍ഷകര്‍ തെരുവിലേക്ക് തന്നെയിറങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടിയും സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരെ തടഞ്ഞ് വെച്ചുകൊണ്ടും സമരം തകര്‍ക്കാം എന്നും കേന്ദ്ര സര്‍ക്കാര്‍ കരുതി.

അതെ സമയം കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരു കൂട്ടര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ സമരം ചെയ്യാന്‍ തയ്യാറായാണ് കര്‍ഷകര്‍ നില്‍ക്കുന്നത്. 

FAQs

എന്താണ് സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ?

നൂറിലധികം കർഷക സംഘടനകളെ ഒരുമിച്ച് കൊണ്ടുവന്നാണ് സംയുക്ത കിസാൻ മോർച്ച എന്ന പ്രസ്ഥാനമുണ്ടായത്.എന്നാല്‍ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. അതില്‍ നിന്നാണ് സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ ഉണ്ടാകുന്നത്.

എവിടെയാണ് ശംഭു സ്ഥിതി ചെയ്യുന്നത്?

ഇന്ത്യയിലെ പഞ്ചാബിലെ പട്യാല ജില്ലയിലെ ഹരിയാനയുടെ അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമമാണ് ശംഭു. പഞ്ചാബിൻ്റെ ഹരിയാന അതിർത്തിയോട് ചേർന്ന് ചണ്ഡീഗഡ് – ഡൽഹി ഹൈവേയുടെ ഇരുവശങ്ങളിലുമായാണ് ശംഭു ഗ്രാമവും അതുമായി ബന്ധപ്പെട്ട കുഗ്രാമങ്ങളും വ്യാപിച്ചുകിടക്കുന്നത്.

എന്താണ് 144 അഥവാ നിരോധനാജ്ഞ?

കലാപം, പ്രക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളിലാണ് 144 അഥവാ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. 144 പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ആയ ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിരിക്കുന്നു. ഇത് പ്രകാരം ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതും അവ കൊണ്ടുനടക്കുന്നതും കുറ്റകരമാകുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനും സാധിക്കും.

Quotes

നേതാവല്ലാത്തപ്പോള്‍ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാല്‍ അനുയായിയെപ്പോലെയും പ്രവര്‍ത്തിക്കുന്നവരെയാണ് നമുക്കാവശ്യം – ഖലീഫാ ഉമര്‍