Sun. Dec 22nd, 2024

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി മാറ്റിയിട്ടുണ്ടെന്നും ബാലമുരുഗന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നു

മുതിര്‍ന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനും തമിഴ്‌നാട്ടിലെ ജിഎസ്ടി ഡെപ്യൂട്ടി ഡയറക്ടറുമായ ബി ബാലമുരുഗന്‍ ഔദ്യോഗികമായി വിരമിക്കുന്നതിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജനുവരി 29 ന് സസ്പെന്‍ഡ് ചെയ്യുന്നത്.

ബി ബാലമുരുഗന്‍ Screen-grab, Copyrights: The New Indian Express

ബാലമുരുഗനെതിരെ അച്ചടക്ക നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ധനമന്ത്രാലയം ഉത്തരവില്‍ പറയുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാനുള്ള കാരണങ്ങള്‍ ഒന്നും തന്നെ നോട്ടീസിൽ പരാമർശിച്ചിട്ടില്ല. ബാലമുരുഗനെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് വരുന്നതിനും മുന്‍പ് ജനുവരി 2 ന് ബാലമുരുഗന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചിരുന്നു.

തമിഴ്നാട്ടിലെ ആറ്റൂരിലെ രണ്ട് കര്‍ഷകര്‍ക്കെതിരേ ഇഡി നോട്ടീസ് അയച്ച വിഷയത്തെ ചൂണ്ടികാട്ടിയായിരുന്നു കത്തിന്റെ ഉള്ളടക്കം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിക്കുകയും അവരെ പിരിച്ചുവിടണമെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നു.

രണ്ട് ദളിത് കര്‍ഷക സഹോദരങ്ങളായ കണ്ണയ്യൻ (72), കൃഷ്ണൻ (67) എന്നിവര്‍ക്കുമേല്‍ 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമാണ് 2023 ജൂണില്‍ ഇഡി സമന്‍സ് അയച്ചത്. എന്നാല്‍, കര്‍ഷകരെ ചോദ്യം ചെയ്യുന്നതെന്തിനാണെന്ന് ഇഡി സമന്‍സില്‍ വ്യക്തമാക്കിയിരുന്നില്ല. സമന്‍സില്‍ ‘ഹിന്ദു പല്ലാര്‍’ എന്ന ജാതി പേര് സൂചിപ്പിച്ചതായി രാഷ്‌ട്രപതിക്ക് അയച്ച കത്തില്‍ ബാലമുരുഗന്‍ പരാമര്‍ശിക്കുന്നുണ്ട്.

ആറ്റൂരിലെ 6.5 ഏക്കര്‍ ഭൂമിയുടെ ഉടമകളാണ് ഈ ദളിത്‌ കര്‍ഷകര്‍. ഭൂവുടമകള്‍ ആയിട്ടുപോലും നാല് വര്‍ഷമായിട്ട് ഇവര്‍ക്കിവിടെ കൃഷി ഇറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രണ്ട് കർഷകരുടെ അഭിഭാഷകയും ദളിത് വിഭാഗക്കാരിയും ബാലമുരുഗന്റെ ഭാര്യയുമായ ജി പ്രവിണ പറയുന്നു.

കണ്ണയ്യനും കൃഷ്ണനും അവരുടെ അഭിഭാഷക ജി പ്രവിണയോടൊപ്പം Screen-grab, Copyrights: Indian Express

ദാരിദ്ര്യരായ ഇവർ സർക്കാർ നൽകുന്ന വാർദ്ധക്യ പെൻഷനായ 1000 രൂപയും സൗജന്യ റേഷനും ആശ്രയിച്ചാണ് ജീവിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തങ്ങളുടെ കൃഷിഭൂമി അനധികൃതമായി സ്വന്തമാക്കാന്‍ പ്രാദേശിക ബിജെപിയുടെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ജി ഗുണശേഖര്‍ ശ്രമിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് 2020 ൽ ഗുണശേഖറിനെതിരെ ക്രിമിനൽ കേസെടുത്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വെച്ചിരുന്നു.

കൃഷിയിടത്തിന് ചുറ്റും ഈ കര്‍ഷകര്‍ അനധികൃത വൈദ്യുതിവേലി സ്ഥാപിക്കുകയും അതുമൂലം രണ്ട് കാട്ടുപോത്തുകള്‍ക്ക് വൈദ്യുതാഘാതമേറ്റെന്ന് ആരോപിച്ച കേസിലെ വനംവകുപ്പ് എഫ്ഐആറിന്‍റെ പേരിലാണ് ഇഡി സമന്‍സ് അയച്ചത്. 2021 ഡിസംബർ 28 ന് വിചാരണ കോടതി ഇരുവരെയും കേസിൽ കുറ്റവിമുക്തരാക്കിയിരുന്നു.

പിന്നീട് 2023 ജൂലൈയില്‍ ഈ കര്‍ഷകര്‍ക്കെതിരെ വീണ്ടും ഇഡിയുടെ സമന്‍സ് ലഭിച്ചു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും സമന്‍സില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് അഭിഭാഷക ദി ന്യൂസ്‌ മിനിറ്റ്‌സ്നോട്‌ വ്യക്തമാക്കി.

സമന്‍സില്‍ ജാതി പേര് സൂചിപ്പിച്ചത് വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ബിജെപി നേതാവിനെ സഹായിക്കാനാണ് ഇഡിയുടെ ഈ നീക്കമെന്ന് വാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് 2024 ജനുവരിയില്‍ ഇഡി കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചു. കര്‍ഷകര്‍ക്കെതിരെയുള്ളത് ബിജെപി നേതാവയതുകൊണ്ടാണ് ഇത്തരത്തില്‍ ഇഡി വേട്ടയാടുന്നതെന്നും പറയപ്പെടുന്നു.

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി മാറ്റിയിട്ടുണ്ടെന്നും ബാലമുരുഗന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ പറയുന്നു.

കര്‍ഷക കുടുംബത്തില്‍ നിന്നും വരുന്ന തനിക്ക് കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് ബാലമുരുഗന്‍ പറയുന്നത്.

എന്നാല്‍ ഇതുമാത്രമല്ല മറ്റൊരു കാരണവും ഈ സസ്പെന്‍ഷന് പിന്നിലുണ്ടെന്നാണ് ബാലമുരുഗന്‍ വിശ്വസിക്കുന്നത്. കാരണം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് എല്ലാ കേന്ദ്ര ഓഫീസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് ഉത്തരവുണ്ടായിരുന്നു.

തനിക്ക് ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാലമുരുഗന്‍ നിര്‍മല സീതാരാമനും കേന്ദ്ര റവന്യൂ സെക്രട്ടറിക്കും കത്തെഴുതി. തൻ്റെ അഭ്യർത്ഥന പ്രകാരം ചെന്നൈയിലെ ജിഎസ്ടി ഓഫീസ് അന്ന് പ്രവർത്തിച്ചുവെന്നും അത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കിയെന്നും ബാലമുരുഗന്‍ പറയുന്നു.

ബാലമുരുഗന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് ഇതാദ്യമായല്ല കത്തയക്കുന്നത്. 2023 ജനുവരിയിൽ ഒഡീഷയിലെ രായഗഡ ജില്ലയിൽ റഷ്യൻ ശതകോടീശ്വരൻ പാവൽ ആൻ്റോവിൻ്റെ ദുരൂഹ മരണത്തെത്തുടർന്ന്, ഇന്ത്യയിൽ അന്താരാഷ്ട്ര തീവ്രവാദ പ്രവർത്തനങ്ങൾ അനുവദിച്ചതിനും രാജ്യത്തിൻ്റെ പരമാധികാരം ലംഘിച്ചതിനും പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരെ പിരിച്ചുവിടണമെന്ന് ബാലമുരുഗന്‍ ആവശ്യപ്പെട്ടിരുന്നു.

ബാലമുരുഗന്‍ അച്ചടക്ക നടപടിക്ക് വിധേയമാകുന്നതും ആദ്യമായിട്ടല്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ബാലമുരുഗൻ പലപ്പോഴായി പ്രശ്‌നങ്ങളിൽ പെട്ടിട്ടുണ്ട്.

2009 ല്‍ ശ്രീലങ്കയിലെ തമിഴ് ജനതയുടെ വംശ്യഹത്യയുടെ പേരില്‍ നിരാഹാരം നടത്തിയിരുന്നു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തില്‍ സാധാരണക്കാരായ 100000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് യുഎൻ കണക്കുകൾ രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ പലരും തമിഴ് വംശജരായിരുന്നു.

അന്ന് മുംബൈയിലെ കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണറായിരുന്ന ബാലമുരുഗൻ ശ്രീലങ്കൻ തമിഴർക്കുവേണ്ടി നിരാഹാരം തുടങ്ങി. 2014 ൽ ആഭ്യന്തരയുദ്ധകാലത്ത് നടന്ന തമിഴ് വംശഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലമുരുഗൻ ആവശ്യപ്പെട്ടിരുന്നു.

2014 ഏപ്രിൽ 8 മുതൽ 2014 മെയ് 17 വരെ ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് വംശഹത്യയെക്കുറിച്ച് യുഎൻ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പദയാത്ര നടത്തിയതായി ബാലമുരുഗന്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രണ്ട് വട്ടം എതിര്‍പ്പുമായി ബാലമുരുഗന്‍ രംഗത്ത് വന്നിട്ടുണ്ട്. ആദ്യത്തെ കാരണം, മഹിന്ദ രാജപക്‌സെക്ക് ഇന്ത്യയിലേക്ക് ക്ഷണം നല്‍കിയതായിരുന്നു. 2005 മുതല്‍ 2015 വരെ ശ്രീലങ്കൻ പ്രസിഡൻ്റായിരുന്ന മഹിന്ദ രാജപക്‌സയായിരുന്നു ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ സൈനിക നടപടിക്ക് മേൽനോട്ടം വഹിച്ചത്.

സിംഹളർക്ക് ആധിപത്യമുള്ള ശ്രീലങ്കൻ ഗവൺമെന്റ് ശ്രീലങ്കൻ തമിഴ് വംശജർക്കെതിരെ തുടർച്ചയായ വിവേചനവും അക്രമാസക്തമായ പീഡനവും നിരവധി തമിഴ് വിരുദ്ധ കൂട്ടക്കൊലകളും നടത്തിയിരുന്നു. തമിഴ് ജനതയോട് ഇത്രയും ക്രൂരത കാണിച്ച  മഹിന്ദ രാജപക്‌സയ്ക്ക് ക്ഷണം നല്‍കിയതിനായിരുന്നു ബാലമുരുഗന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ഗുജറാത്ത് കലാപത്തിന്റെ ചിത്രം Screen-grab, Copyrights: The Week

രണ്ടാമത്തേത്, ഗോധ്ര കലാപമായിരുന്നു. കലാപത്തെ തുടര്‍ന്ന് 1000 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. കലാപം നടക്കുമ്പോള്‍ മോദിയായിരുന്നു ഗുജറാത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മോദി രാജിവെക്കണമെന്ന് ബാലമുരുഗൻ പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തില്‍ ബാലമുരുഗനെതിരെ കേസെടുത്തിരുന്നു.

2014 മുതൽ 2016 വരെ പ്രമോഷനുകളും ശമ്പള വർദ്ധനയും നിരസിച്ച അച്ചടക്ക നടപടികളിലൂടെയും ശിക്ഷകളിലൂടെയുമാണ് ബാലമുരുഗൻ കടന്നുപോയത്.

2020 ൽ ജിഎസ്ടി ചെന്നൈ ഔട്ടർ കമ്മീഷണറേറ്റിലെ ഹിന്ദി സെല്ലിലേക്ക് പോസ്‌റ്റ് ചെയ്‌തപ്പോൾ ബാലമുരുഗൻ എതിര്‍ത്തിരുന്നു. തനിക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദി സെല്ലിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പ് ഹിന്ദി സെല്ലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഹിന്ദി വായിക്കാനും എഴുതാനും അറിയണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസിന് (സിബിഐസി) അയച്ച കത്തില്‍ ബാലമുരുഗന്‍ വ്യക്തമാക്കുന്നുണ്ട്.

താൻ ഒരു ഭാഷയ്ക്കും എതിരല്ലെന്നും എന്നാല്‍ തന്റെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ആഗ്രഹിക്കുന്നില്ലെന്നും ബാലമുരുഗന്‍ പറഞ്ഞിരുന്നു.

ഇതുവരെയുള്ള എല്ലാ പോരാട്ടങ്ങളും തമിഴര്‍ക്കും തമിഴ്നാടിനും ചെറിയ തോതില്‍ ഇന്ത്യന്‍ ജനതയ്ക്കും വേണ്ടിയാണെന്നും ബാലമുരുഗന്‍ ദി പ്രിന്റിനോട് പറഞ്ഞു.

സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കാതെ സ്വന്തം ജനങ്ങള്‍ക്ക്‌ വേണ്ടിയാണ് ബാലമുരുഗന്‍ പ്രവര്‍ത്തിച്ചത്. ഒരു പക്ഷെ കര്‍ഷകര്‍ക്ക് വേണ്ടി പ്രതികരിക്കാതെ രാഷ്ട്രപതിക്ക് കത്തയക്കാതിരുന്നാല്‍ ഔദ്യോഗികമായി തന്നെ വിരമിക്കാന്‍ ബാലമുരുഗന് സാധിക്കുമായിരുന്നു. 

സസ്‌പെൻഷനിലൂടെ ബാലമുരുഗന് അർഹതപ്പെട്ട പാരിതോഷികം നല്‍കാതിരിക്കുകയും താൽക്കാലിക പെൻഷൻ വെട്ടിക്കുറയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതിനെതിരെ നിയമ പോരാട്ടം നടത്താതെ മറ്റു സാമൂഹിക പ്രശ്നങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബാലമുരുഗന്‍ ദി പ്രിന്റിനോട് വെളിപ്പെടുത്തുന്നുണ്ട്.

FAQs

എന്താണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആര്‍എസ്)?

പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ശേഖരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രാഥമികമായി ഉത്തരവാദിത്തമുള്ള ഒരു ഇന്ത്യൻ സർക്കാർ ഏജൻസിയാണ് ഇന്ത്യൻ റവന്യൂ സർവീസ്. ധനമന്ത്രാലയത്തിൻ്റെ റവന്യൂ വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഐആർഎസിൽ രണ്ട് ശാഖകൾ ഉൾപ്പെടുന്നു, ഇന്ത്യൻ റവന്യൂ സർവീസ് (ഇൻകം ടാക്‌സ്), ഇന്ത്യൻ റവന്യൂ സർവീസ് (കസ്റ്റം & പരോക്ഷ നികുതികൾ).

എന്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002?

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിൽ നിന്ന് ലഭിച്ച സ്വത്ത് കണ്ടുകെട്ടാനും പിടിച്ചെടുക്കാനും വേണ്ടി നടപ്പാക്കിയ ഇന്ത്യൻ പാർലമെൻ്റിൻ്റെ നിയമമാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002.

എന്താണ് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം?

ശ്രീലങ്കയിൽ 1983 മുതൽ 2009 വരെ നടന്ന ആഭ്യന്തരയുദ്ധമാണ് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം. ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷമായ തമിഴരും തമ്മിലുള്ള യുദ്ധമാണിത്.  സിംഹളർ ആധിപത്യമുള്ള ശ്രീലങ്കൻ ഗവൺമെൻ്റിൻ്റെ ശ്രീലങ്കൻ തമിഴർക്കെതിരെ തുടർച്ചയായ വിവേചനവും അക്രമാസക്തമായ പീഡനവും ഉണ്ടായിരുന്നു. നിരവധി തമിഴ് വിരുദ്ധ കൂട്ടക്കൊലകളും ഉണ്ടായിട്ടുണ്ട്.

Quotes

നിങ്ങളുടെ സംസാരം നിശബ്ദതയേക്കാൾ നന്നായിരിക്കട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കൂ – ഡയണീഷ്യസ് ഒന്നാമന്‍