Sun. Apr 28th, 2024

ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ആയിരക്കണക്കിന് പേടിഎം ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്

ഡിജിറ്റൽ യുഗത്തിൽ പേടിഎം പോലുള്ള ഡിജിറ്റൽ സേവനങ്ങളും ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. പണമിടപാട് നടത്തുന്നതിനെല്ലാം ഡിജിറ്റൽ സേവനങ്ങളെയാണ് നാം ഇന്ന് ആശ്രയിക്കുന്നത്. പേടിഎം സേവനങ്ങളിൽ ഒന്നായ പേടിഎം പേയ്‌മെന്റ്‌ ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല.

ഇപ്പോഴിതാ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ വിലക്കുമായി ബന്ധപ്പെട്ട് പേടിഎം (paytm) പേയ്‌മെന്റ്‌ ബാങ്ക് പ്രതിസന്ധിയിലാണ്. വ്യവസ്ഥകൾ പാലിക്കുന്നതിൽ തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തിയതിനെ തുടർന്ന് പേടിഎം പേയ്‌മെന്റ്‌ ബാങ്കിനുമേൽ ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന് മേൽ ആര്‍ബിഐ നടപടികൾ എടുക്കുന്നത് ഇതാദ്യമായല്ല. ഇത്തവണത്തെ നിയന്ത്രണങ്ങള്‍ കടുപ്പമേറിയതാണ്.

പേടിഎം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും ഉപഭോക്താക്കളെ ചേര്‍ക്കരുതുമെന്നാണ് ജനുവരി 31 ന് ആര്‍ബിഐ പുറത്തുവിട്ട നിര്‍ദേശം. ഫെബ്രുവരി 29 മുതലാണ് ഈ പുതിയ നിര്‍ദേശം പേടിഎമ്മിന് ബാധകമാവുക.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ എന്നിവയില്‍ നിന്ന് ഉപഭോക്താക്കൾ നിലവിലുള്ള പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു.

വിജയ്‌ ശേഖര്‍ ശര്‍മ Screen-grab, Copyrights: Mint

വിലക്കിനെ തുടര്‍ന്ന് പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ്‌ ശേഖര്‍ ശര്‍മ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായും ധനമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, വ്യവസ്ഥകള്‍ പാലിക്കാന്‍ പേടിഎമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌ പറഞ്ഞത്. നേരത്തെയും പേടിഎമ്മിന്‍റെ പോരായ്മകള്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

2010 ആഗസ്റ്റിലാണ് വിജയ്‌ ശേഖര്‍ ശര്‍മ പേടിഎമ്മിന് തുടക്കം കുറിച്ചത്. 2016 നവംബര്‍ എട്ടിലെ നോട്ടു നിരോധനത്തിന് ശേഷമാണ് പേടിഎം ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയത്.

നോട്ടുനിരോധനം പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസത്തെ പത്രങ്ങളില്‍ നോട്ട് നിരോധനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പേടിഎമ്മിന്‍റെ പരസ്യം വന്നു. ‘സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഏറ്റവും ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. ഇനി എടിഎം ഇല്ല, പേടിഎം ചെയ്യൂ’ എന്ന വാചകത്തോടൊപ്പം നരേന്ദ്ര മോദിയുടെ ചിത്രത്തോടെയാണ് പത്രങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്.

പത്രങ്ങളില്‍ വന്ന പേടിഎമ്മിന്‍റെ പരസ്യം Screen-grab, Copyrights: Twitter

നോട്ട് നിരോധനം കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ചെയ്ത വ്യക്തികളില്‍ ഒരാളായിരുന്നു വിജയ്‌ ശേഖര്‍ ശര്‍മ. പിന്നീടുള്ള പേടിഎമ്മിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. നോട്ട് നിരോധനത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍, പേടിഎം എന്നാല്‍ പേ ടു മോദിയെന്നാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.

പേടിഎം പേയ്മെന്റിന് ബാങ്കിങ് അനുമതി ലഭിക്കുന്നത് 2017 ജനുവരിയിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആദ്യ നടപടി നേരിട്ടു. ഡേ എന്‍ഡ് ബാലന്‍സിന്റെ കണക്കുകള്‍ കൃത്യമായി പാലിക്കാന്‍ കഴിയാത്തതും ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേല്‍വിലാസം അറിയാനുമുള്ള പ്രക്രിയ ആയ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതും ഉള്‍പ്പെടെയുള്ളവയുടെ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് 2018 ജൂണ്‍ മുതല്‍ 2018 ഡിസംബര്‍ വരെ പേടിഎമ്മില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി ആര്‍ബിഐ നിര്‍ത്തിവെച്ചു. 2021 ഒക്ടോബറില്‍ തെറ്റായ വിവരങ്ങള്‍ പേടിഎം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ രണ്ടാമത്തെ നടപടി ആര്‍ബിഐ എടുത്തു. നടപടിയെ തുടര്‍ന്ന് ഒരു കോടി രൂപയാണ് പിഴയായി ഈടാക്കിയത്.

2022 മാര്‍ച്ചില്‍ ടെക്നോളജി, സൈബര്‍ സുരക്ഷ, കള്ളപ്പണം വെളുപ്പിക്കല്‍, കെവൈസി എന്നിവയുമായി ബന്ധപ്പെട്ട് പേടിഎമ്മിനെതിരെ ആര്‍ബിഐ മേല്‍നോട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കാന്‍ പേടിഎം കമ്പനി തയ്യാറായില്ല. സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താനായി മറ്റൊരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.

ഓഡിറ്റിംഗ് നടത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പേടിഎം ബാങ്കിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയിരുന്നു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിലെ 35 എ വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്.

കെവൈസി മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിന് 2023 ഒക്ടോബറോടെ പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നു.

പേടിഎമ്മിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഏകദേശം 35 കോടി വാലറ്റ് അക്കൗണ്ടുകളില്‍ 31 കോടിയും പ്രവര്‍ത്തനരഹിതമാണെന്ന് ആര്‍ബിഐ കണ്ടെത്തിയിരുന്നു. 2023 ഡിസംബറില്‍ ഉപഭോക്തൃ വായ്പകളുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനായി റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കി. തുടര്‍ന്ന് 50000 രൂപയില്‍ താഴെയുള്ള വായ്‌പകളുടെ വിതരണം കുറയ്ക്കുന്ന നടപടി പേടിഎമ്മിന് സ്വീകരിക്കേണ്ടി വന്നു.

ഒരു പാന്‍ കാര്‍ഡ് ഉപയോഗിച്ച് ആയിരക്കണക്കിന് പേടിഎം ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നവെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇത് ആര്‍ബിഐ നിര്‍ദേശങ്ങളുടെ ലംഘനമാണ്.

പേടിഎം പേയ്മെന്റ് ബാങ്കില്‍ 51% ഓഹരി വിജയ് ശേഖര്‍ ശര്‍മയ്ക്കാണുള്ളത്. ബാക്കി 49% ഓഹരി പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിനാണ്.

പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് Screen-grab, Copyrights: Market Minds Pro

ചൈനയുടെ അലിബാബ ഗ്രൂപ്പ് ഹോൾഡിംഗ് ലിമിറ്റഡും അനുബന്ധ സ്ഥാപനമായ ജാക്ക് മായുടെ ഉടമസ്ഥതയിലുള്ള ആൻ്റ് ഗ്രൂപ്പ് കമ്പനിയും പേടിഎമ്മിൽ നിക്ഷേപം നടത്തിയിരുന്നു. 800 ദശലക്ഷം ഡോളറാണ് അലിബാബ നിക്ഷേപിച്ചത്. ചൈനീസ് കമ്പനിയുമായുള്ള ബന്ധം പേടിഎമ്മിനെതിരെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് പേടിഎമ്മിലെ ഓഹരികള്‍ ആന്റ് ഗ്രൂപ്പ് പിന്‍വലിച്ചു.

ആര്‍ബിഐയുടെ വിലക്കിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ പേടിഎം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പേടിഎമ്മിന്‍റെ ഓഹരി വില ചെറിയ തോതില്‍ ഉയര്‍ന്നെങ്കിലും വ്യാഴാഴ്ച വീണ്ടും ഇടിവ് നേരിട്ടു.

അതേ സമയം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ആര്‍ബിഐ വിലക്കിനെ തുടര്‍ന്ന് 300 കോടി മുതല്‍ 500 കോടിവരെ വാര്‍ഷിക വരുമാനത്തില്‍ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പേടിഎം കണക്കാക്കുന്നത്. ആര്‍ബിഐയുടെ ഈ നടപടി പേടിഎമ്മിന്‍റെ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നത് തടയുകയും അത് പേടിഎം പേയ്‌മെന്റ്‌ ബാങ്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

FAQs

എന്താണ് പേടിഎം?

ഇന്ത്യയിലെ നോയിഡ ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകളിലും സാമ്പത്തിക സേവനങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിയാണ് പേടിഎം. One97 കമ്മ്യൂണിക്കേഷൻസിന് കീഴിൽ വിജയ് ശേഖർ ശർമ്മയാണ് 2010-ൽ പേടിഎം സ്ഥാപിച്ചത്.

എന്താണ് കെവൈസി (നോ യുവര്‍ കസ്റ്റമര്‍)?

സാമ്പത്തിക സേവനങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഒരു ഉപഭോക്താവുമായി ഒരു ബിസിനസ് ബന്ധം നിലനിർത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഐഡൻ്റിറ്റി, അനുയോജ്യത, അപകടസാധ്യതകൾ എന്നിവ പരിശോധിക്കാൻ പ്രൊഫഷണലുകൾ ആവശ്യപ്പെടുന്നു. ബാങ്കുകളുടെ സേവനങ്ങള്‍ ദുരുപേയാഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താന്‍ ഇത് സഹായിക്കുന്നു. കെവൈസി എന്ന നിബന്ധന അക്കൗണ്ട് തുടങ്ങുന്ന സമയത്തുതന്നെ പൂര്‍ത്തിയാക്കേണ്ടതാണ്.

Quotes

എല്ലായ്പ്പോഴും തെറ്റായ വ്യക്തി നിങ്ങൾക്ക് ജീവിതത്തിലെ ശരിയായ പാഠം നൽകുന്നു – വില്യം ഷെയ്‌ക്‌സ്പിയർ