Wed. Jan 22nd, 2025

കർസേവകർ ബാബരി മസ്ജിദിന് മുകളിൽ അവരുടെ കൊടി കുത്തുമെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. എന്നാൽ അവർ മസ്ജിദ് ആക്രമിക്കുകയായിരുന്നു ചെയ്തത്

ന്ത്യയെന്ന മതേതര രാജ്യത്തിനുമേല്‍ വിള്ളലുകള്‍ വീഴ്ത്തിയാണ് അയോധ്യയിലെ ബാബരി മസ്ജിദ് സംഘപരിവാര്‍ തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തോടെ ഹിന്ദുത്വവല്‍ക്കരണം എന്ന സംഘപരിവാറിന്റെ ദീര്‍ഘകാല അജണ്ടയിലേക്ക് ഒരു പടികൂടി അവര്‍ എത്തി. ഇന്ത്യയിലെ മതേതര, വൈവിധ്യ കാഴ്ചപാടുകളുടെ കടക്കില്‍ കത്തി വെച്ചായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

1528ല്‍ മുഗൾ ചക്രവര്‍ത്തിയായ ബാബറിന്റെ കമാന്‍ഡര്‍ മീർ ബാഖി തരിശുഭൂമിയില്‍ നിര്‍മിച്ച മുസ്ലീംപള്ളിയാണ് ബാബരി മസ്ജിദ് എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുഗള്‍ ഭരണത്തിന് ശേഷം ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷ് സാമ്രാജ്യവും മുസ്ലീംപള്ളി അവിടെ തന്നെ നിലനിര്‍ത്തിയിരുന്നു.

ബാബരി മസ്ജിദ് Screen-grab, Copyrights: Google

ബാബരി മസ്ജിദിന്‍റെ പേരില്‍ മതപരമായ അക്രമ സംഭവങ്ങൾ ആദ്യമായി രേഖപ്പെടുത്തുന്നത് 1853ലാണ്. ബാബറിന്റെ കാലത്തെ ഹിന്ദു ക്ഷേത്രം അവാധിലെ നവാബ് വാജിദ് ഷായുടെ ഭരണത്തിന് കീഴിൽ തകര്‍ത്തതായി നിർമോഹികൾ അവകാശപ്പെടുകയും തുടര്‍ന്ന് അക്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

1855 ല്‍ ഹനുമാൻ ഗഡ് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പ്രദേശിക സുന്നി മുസ്ലീങ്ങള്‍ പ്രതിഷേധിച്ചു. പള്ളി പൊളിച്ചാണ് ഹനുമാൻ ഗഡ് ക്ഷേത്രം പണിതതെന്നായിരുന്നു മുസ്ലീങ്ങളുടെ വാദം. തർക്കത്തിൽ ഇടപെട്ട നവാബ് വാജിദ് അലി ഷാ ക്ഷേത്രത്തിന് അനുകൂലമായ നിലപാട് എടുക്കുകയും പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തു.

1855 ല്‍ ആദ്യമായി തര്‍ക്കം കോടതി കയറി. രാമന്റെ ജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹന്ത്‌ രഘുബിർ ദാസാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി പിന്നീട്‌ തള്ളി.

ഹിന്ദുക്കള്‍ ബാബരി പള്ളിയുടെ മുന്‍ഭാഗത്ത് ചബൂത്ര കെട്ടിയുണ്ടാക്കുകയും ആരാധന നടത്തുകയും ചെയ്തു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. 1859 ൽ ബ്രിട്ടീഷ് സർക്കാർ പള്ളിക്കും ചബൂത്രയ്ക്കുമിടയിൽ ഒരു മതിൽ പണിതുകൊണ്ട് ആരാധനാലയങ്ങള്‍ വേര്‍തിരിച്ചു.

അയോധ്യയിലെ 2.77 ഏക്കർ ഭൂമിയെ അടിസ്ഥാനമാക്കിയാണ് തർക്കം നടന്നത്. അവകാശവാദം ഉന്നയിക്കുന്നത് നിർമോഹി അഖാര, രാം ലല്ല, സുന്നി വഖഫ് എന്നീ മൂന്ന് കക്ഷികളാണ്. ബാബരി മസ്ജിദിൻ്റെ അടുത്ത് രണ്ട് ഹൈന്ദവ ആരാധനാലയങ്ങൾ ഉണ്ടായിരുന്നു. രാമൻ്റെ ജന്മഭൂമിയെന്ന് അവകാശപ്പെടുന്ന രാം ഛബൂത്രയും സീതാ റസോയിയും. ഇതെല്ലാം സ്ഥിതിചെയ്യുന്നത്  2.77 ഏക്കറിനുള്ളിലാണ്.

1949 വരെ ബാബരി മസ്ജിദിൽ മുസ്ലീംങ്ങൾ പ്രാർത്ഥന നടത്തിയിരുന്നു. 1949 ഡിസംബറില്‍ പള്ളിക്കുള്ളില്‍ നിന്നും ശ്രീരാമ വിഗ്രഹങ്ങള്‍ കണ്ടെത്തി. ഇതിനെതിരെ മുസ്ലിങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിന്നു. അഭിരാം ദാസ് എന്ന സന്യാസിയുടെ നേതൃത്വത്തിലായിരുന്നു അന്ന് വിഗ്രഹം പള്ളിക്കുള്ളില്‍ എത്തിച്ചത്. ജില്ല മജിസ്‌ട്രേറ്റായിരുന്ന മലയാളി കെകെ നായരുടെ അറിവോടെയും ഒത്താശയോടെയും നടന്ന ഗൂഡാലോചനയായിരുന്നു ശ്രീരാമ വിഗ്രഹങ്ങള്‍ പള്ളിക്കുള്ളില്‍ എത്തിക്കുക എന്നത്.

കെകെ നായർ Screen-grab, Copyrights: Mathrubhumi

മസ്ജിദിന്റെ അകത്തുള്ള വിഗ്രഹം നീക്കുന്നതിനായി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആവശ്യപ്പെട്ടു. എന്നാല്‍ വിഗ്രഹം എടുത്ത് മാറ്റുന്നത് ഹിന്ദുക്കള്‍ക്കിടയില്‍ സംഘർഷം ഉണ്ടാക്കുമെന്ന് പറഞ്ഞ് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കെ കെ നായർ തയ്യാറായില്ല. ഇത് രാഷ്ട്രീയ വിഷയമായി മാറി. സംഭവത്തെ തുടർന്ന് കെ കെ നായരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുവെങ്കിലും കെ കെ നായര്‍ കോടതിയെ സമീപിച്ചു. അവസാനം കെ കെ നായരെ സർവീസിൽ തിരിച്ചെടുത്തു. പിന്നീട്‌ ജോലി ഉപേക്ഷിക്കുകയും ജനസംഘം പാര്‍ട്ടിയുടെ സ്ഥാനാർഥിയായി ലോക്സഭയിൽ എത്തുകയും ചെയ്തു.

വിഗ്രഹങ്ങള്‍ മസ്ജിദിന്റെ ഉള്ളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുസ്ലിങ്ങള്‍ ഹര്‍ജി നല്‍കി. അതിനെതിരായി ഹിന്ദുക്കളും ഹര്‍ജി നല്‍കി. തുടര്‍ന്ന് സ്ഥലം തര്‍ക്ക പ്രദേശമായി പ്രഖ്യാപിക്കുകയും പള്ളിയിലേക്കുള്ള പ്രവേശനം നിർത്തുകയും ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.

1980ൽ ബിജെപി പാര്‍ട്ടി രൂപീകരിച്ചു. 1980കളോടെയാണ് രാമക്ഷേത്രവും ബാബരി മസ്ജിദും വീണ്ടും ചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്നത്. രാമന്റെ ജന്മസ്ഥലം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തി (വിഎച്ച്പി)ൻ്റെ നേതൃത്വത്തിൽ 1984ല്‍ കമ്മിറ്റി രൂപീകരിച്ചു. കാംപയ്ന്‍ നേതൃത്വം നല്‍കിയത് ബിജെപി നേതാവായ ലാല്‍ കൃഷ്ണ അദ്വാനിയായിരുന്നു.

രാജീവ് ഗാന്ധി സർക്കാറിന്‍റെ കാലത്ത് തർക്കഭൂമിയിൽ ഹിന്ദുക്കള്‍ക്ക് പ്രാർത്ഥന നടത്താൻ ഫൈസാബാദ് ജില്ലാ കോടതി അനുമതി നൽകി. ഇതിനെതിരെയായി മുസ്ലീങ്ങൾ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഹിന്ദുക്കള്‍ക്കായി പള്ളി തുറന്നു നല്‍കിയതിനുശേഷം അയോധ്യയില്‍ രാമക്ഷേത്രം എന്നത് ദേശീയ ആവശ്യമായി സംഘപരിവാര്‍ ഉയര്‍ത്തികൊണ്ട് വന്നു.

ഫൈസാബാദിലെ ജില്ലാകോടതിയിൽനിന്ന് ഈ കേസുകളെല്ലാം 1987ൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിന്റെ പരിധിയിലേക്ക് മാറ്റി.

എൽകെ അദ്വാനി നയിക്കുന്ന രഥയാത്ര Screen-grab, Copyrights: Open The Magazine

1990ല്‍ രാമക്ഷേത്രത്തിന് പിന്തുണ ലഭിക്കുന്നതിനായി ബിജെപി പ്രസിഡന്റ് എൽകെ അദ്വാനി സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര ആരംഭിച്ചു. ബിഹാറിലെ സമസ്തിപ്പൂരിൽ വെച്ച് അദ്വാനിയെ ലാലുപ്രസാദ് സർക്കാർ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വിപി സിംഗ് സര്‍ക്കാരിനോടുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയും മന്ത്രിസഭ തകരുകയും ചെയ്തു. രഥയാത്രയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പുറപ്പെട്ടിരുന്നു.

1992ല്‍ അയോധ്യയിലെ ബാബരി മസ്ജിദില്‍ സംഘടിപ്പിച്ച റാലിയില്‍ എൽകെ അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളെത്തുകയും 1,50,000 ആളുകൾ ഒത്തുകൂടുകയും ചെയ്തു. ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും ഒരുമിച്ച് സംഘടിപ്പിച്ച കർസേവകരുടെ റാലി അക്രമാസക്തമായി. കർസേവകർ മസ്ജിദിന് മുകളിൽ അവരുടെ കൊടി കുത്തുമെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. എന്നാൽ അവർ മസ്ജിദ് ആക്രമിക്കുകയായിരുന്നു ചെയ്തത്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. പ്രദേശത്ത് ഉണ്ടായ മാധ്യമ പ്രവർത്തകരെയും മുസ്ലീങ്ങളെയും കർസേവകർ ആക്രമിച്ചു. ആക്രമണത്തിന്റെ ചിത്രം പുറംലോകം അറിയാതിരിക്കുന്നതിന് ക്യാമറകള്‍ എല്ലാം കർസേവകര്‍ തല്ലി തകര്‍ത്തു. എല്ലായിടത്തും ജയ് ശ്രീറാം വിളികൾ ഉയർന്നു.

ബാബരി മസ്ജിദ് ആക്രമിക്കുന്നു Screen-grab, Copyrights: Dawn

തര്‍ക്ക സ്ഥലത്ത് താല്‍കാലികമായി കർസേവകര്‍ ക്ഷേത്രം സ്ഥാപിച്ചു. ബാബരി മസ്ജിദ് തകര്‍ക്കുക എന്നത് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ എടുത്തുണ്ടായ തീരുമാനമായിരുന്നില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കാന്‍ എടുത്തത് വര്‍ഷങ്ങളാണ്. ഇന്ത്യയെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ചുവടുകൂടിയായിരുന്നു ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുക എന്നത്.

1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് കർസേവകർ നിശ്ശേഷം തകർത്തത്. ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം അന്ന് വൈകുന്നേരം  കര്‍സേവകര്‍ അയോധ്യയിലെ മുസ്ലീം നിവാസികളെ ആക്രമിക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു. അവരുടെ വീടുകളും കടകളും പ്രാദേശിക പള്ളികളുമെല്ലാം തീയിട്ട് നശിപ്പിച്ചു. 18 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ഏകദേശം രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം രാജ്യത്തെ മുസ്ലീംങ്ങള്‍ നിരവധി തവണ അക്രമങ്ങളും അടിച്ചമർത്തലുകളും നേരിട്ടു. 1992 നു ശേഷം ആര്‍എസ്എസിന്റെ നയങ്ങള്‍ കൂടുതല്‍ തീവ്രമായി. കാവിവല്‍ക്കരണത്തിനു തുടക്കമിട്ട കേന്ദ്രമെന്ന നിലയില്‍ അയോധ്യയോട്‌ ബിജെപിക്കും താല്‍പര്യമേറി.

പ്രദേശത്തെ ഹിന്ദുക്കള്‍ പോലും കര്‍സേവകരുടെ അക്രമണത്തിനോട്‌ വിയോജിച്ചിരുന്നു. ക്ഷേത്രം നിര്‍മിക്കണമെന്നുണ്ടെങ്കില്‍ മസ്ജിദ് തകര്‍ക്കാതെ  മറ്റൊരു സ്ഥലത്ത് നിര്‍മിക്കാമായിരുന്നില്ലെ എന്നായിരുന്നു പ്രദേശവാസികളുടെ ചോദ്യം.

പള്ളി തകര്‍ക്കുമ്പോള്‍ യുപി ഭരിച്ചത് ബിജെപിയാണെങ്കിലും ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. പിവി നരസിംഹറാവു ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി. മതേതരത്വം അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു ഇതെല്ലം സംഭവിച്ചത് എന്നതും ശ്രദ്ധേയമാണ്. 

2002ല്‍ പ്രധാനമന്ത്രി വാജ്പേയ് അയോധ്യ സെല്‍ രൂപിക്കുകയും ഹിന്ദു മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ശത്രുഘന്‍ സിംഗ് എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.

2003ൽ ബാബരി മസ്ജിദിന് കീഴില്‍ ക്ഷേത്രം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കാന്‍ പുരാവസ്തു ഗവേഷകരോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. 2003ൽ പുരാവസ്തു ഗവേഷകര്‍ അലഹബാദ് ഹൈക്കോടതിക്ക് മുൻപിൽ  നല്‍കിയ 574 പേജുള്ള റിപ്പോർട്ടിൽ പറയുന്നത് തകർക്കപ്പെട്ട പള്ളിക്ക് താഴെ വലിയ ഹിന്ദു നിർമിതിയുടെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ്. ഈ റിപ്പോര്‍ട്ടിനെതിരെ അവകാശവാദവുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

അയോധ്യ ഖനന സംഘത്തിന്‍റെ കൂടെ താന്‍ ഉണ്ടായിരുന്നുവെന്ന് മലയാളിയായ കെകെ മുഹമ്മദ് അവകാശപ്പെട്ടിരുന്നു. ബിബി ലാലിന്റെ കീഴിൽ അയോധ്യയിൽ ഖനനം നടത്തിയ സംഘത്തിലെ ഏക മുസ്ലീം താനായിരുന്നെന്നാണ് കെകെ മുഹമ്മദ് അവകാശപ്പെട്ടത്. എന്നാല്‍ ഖനന സംഘത്തില്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നും ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാർഷിക റിപ്പോർട്ടിൽ ബിബി ലാൽ തന്നെ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ചാല്‍ കെകെ മുഹമ്മദിന്റെ പേര് കാണില്ലെന്നും അലിഗഡ് മുസ്ലീം സർവകലാശാല ചരിത്രവിഭാഗം ചെയർമാൻ പ്രൊഫസർ സയ്യിദ് അലി പിന്നീട്‌ വ്യകതമാക്കുന്നുണ്ട്.

2010 ൽ അലഹബാദ് കോടതി തർക്കഭൂമി മൂന്നായി വീതിച്ചു നൽകാൻ വിധിച്ചു. എന്നാൽ ആ തീരുമാനത്തെ മൂന്നു  കക്ഷികളും സുപ്രീം കോടതിയിൽ ഒരു പോലെ ചോദ്യം ചെയ്തു.

മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഡാലോചന കേസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ എല്‍കെ അദ്വാനിയടക്കമുള്ള 22 ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ക്ക് സുപ്രീം കോടതി 2011ല്‍ നോട്ടീസ് അയച്ചു.

2014 ല്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി. 2018ല്‍ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തു.

ബാബരി മസ്ജിദ് നിന്നിടത്ത്‌ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി  2018ല്‍ പുരാവസ്തു ഗവേഷകര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പുരാവസ്തു വകുപ്പ് രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്ന് അന്നത്തെ ഖനനത്തെക്കുറിച്ച് പഠിച്ച പുരാവസ്തു ഗവേഷകരായ സുപ്രിയ വർമ്മയും ജയ മേനോനും വെളിപ്പെടുത്തി.

പുരാവസ്തു ഗവേഷകരായ സുപ്രിയ വർമ്മയും ജയ മേനോനും സുന്നി വഖഫ് ബോർഡിന് വേണ്ടി 2003 ലെ എഎസ്‌ഐയുടെ ഖനനം നിരീക്ഷിച്ചിരുന്നു. പഴയ മസ്ജിദായിരുന്നു ബാബരി മസ്ജിദിന് കീഴിൽ ഉണ്ടായിരുന്നതെന്ന് സുപ്രിയ പറയുന്നു. നേരത്തെ തന്നെ എഎസ്ഐ ഗവേഷകരുടെ മനസ്സിൽ മുൻവിധി ഉണ്ടായിരുന്നുവെന്നും ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പറയാൻ എഎസ്ഐ മൂന്ന് തെളിവുകളാണ് ഉപയോഗിച്ചതെന്നും അവർ പറയുന്നു.

പടിഞ്ഞാറ് ഭാഗത്തെ ചുമരാണ് ആദ്യ തെളിവായി ഉപയോഗിച്ചത്. ചുമരിന് പള്ളികളുടെ സവിശേഷതയാണ് ഉള്ളതെന്നും ക്ഷേത്രത്തിന് വളരെ വ്യത്യസ്ത രീതിയാണുള്ളതെന്നും സുപ്രിയ പറയുന്നു.

50 തൂണുകളുടെ അടിത്തറയാണ് മറ്റൊരു തെളിവ്. ഇത് കെട്ടിച്ചമച്ചതാണെന്നും യഥാർഥത്തിൽ അവ തകർന്ന ഇഷ്ടിക കഷ്ണങ്ങളാണ്. മൂന്നാമത്തെ തെളിവ് വസ്തുവിദ്യാ ശേഷിപ്പുകളാണ്. ഇവ ഖനനത്തിൽ കണ്ടെത്തിയതല്ല. മസ്ജിദിന്റെ ചുണ്ണാമ്പുകല്ലിന് മുകളിൽ കിടന്നിരുന്ന അവശിഷ്ടങ്ങളിൽ നിന്നാണ് ഇത് കണ്ടെടുത്തതെന്നും ശിലാക്ഷേത്രമായിരുന്നുവെങ്കിൽ ശിൽപ അവശിഷ്ടങ്ങൾ കൂടുതൽ ലഭിക്കേണ്ടതായിരുന്നുവെന്ന് സുപ്രിയ വർമ്മ പറയുന്നുണ്ട്.

2019 നവംബര്‍ ഒന്‍പതിന് അയോധ്യ തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി ഹിന്ദു പക്ഷത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു. വിധി ന്യൂനപക്ഷത്തിന് വേദനയാണ് സമ്മാനിച്ചത്. ഭൂമി വിട്ടുകൊടുക്കുന്നതിനൊപ്പം പള്ളി പണിയുന്നതിന് 5 ഏക്കര്‍ സ്ഥലം അനുവദിക്കണമെന്ന് ഭരണകൂടത്തോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു.

രാമക്ഷേത്രം Screen-grab, Copyrights: Mint

2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്നു. ഇന്നിപ്പോള്‍ രാമക്ഷേത്രത്തിന്റെ അവസാന ഘട്ട മിനുക്കുപണികളില്‍ എത്തിനില്‍ക്കുകയാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി 70.5 ഏക്കറാണ്. മസ്ജിദ് തകർത്ത സ്ഥലത്ത് ക്ഷേത്രം പണിയാൻ ഭരണാധികാരികൾ ഒന്നിച്ചുനിന്ന് പ്രവർത്തിച്ചപ്പോൾ മറ്റൊരു പള്ളിക്കായി ആരും മുന്നോട്ട് വന്നില്ല. പള്ളിക്കുവേണ്ടി നൽകിയ സ്ഥലം കാടുപിടിച്ചു കിടക്കുന്നു.

തര്‍ക്കഭൂമിയിലെ നേര്‍സാക്ഷികള്‍ക്കൊപ്പം പള്ളി പൊളിച്ച കേസും മാഞ്ഞുപോയി. 2020 ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ കുറ്റകാരല്ലെന്ന് ലഖ്‌നൗ പ്രത്യേക കോടതി വിധിച്ചു. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു.

രാമക്ഷേത്രം നിര്‍മിക്കുമ്പോള്‍ ക്ഷേത്രത്തിനുവേണ്ടി തുടക്കകാലത്ത് പ്രവര്‍ത്തിച്ച കെ കെ നായരെ ബിജെപി മറന്നില്ല. ക്ഷേത്രം ഉയര്‍ത്തുന്നതില്‍ കെ കെ നായരുടെ ശ്രമങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്ന സ്മാരകം രാമക്ഷേത്രപരിസരത്ത് സ്ഥാപിക്കുന്നുണ്ട്. കെകെ നായരുടെ പ്രതിമയും ഫോട്ടോയും സ്ഥാപിക്കാൻ പ്രത്യേക മുറിയും ഒരുങ്ങുന്നുണ്ട്. അയോധ്യ സിവിൽ ലെയ്നിൽ ഒരു കോളനിക്ക് വർഷങ്ങൾക്ക് മുമ്പെ കെ കെ നായരുടെ പേരു നൽകിയിട്ടുണ്ട്.

2024 ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് തിടുക്കപ്പെട്ട് ബിജെപി നടത്തുന്നത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തുറുപ്പ് ചീട്ടാണ് അയോധ്യയിലെ രാമക്ഷേത്രം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി രാമക്ഷേത്രം മാറുമെന്നത് ഉറപ്പാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ക്ഷണം ഉണ്ട്. ബാബരി മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒരു അപാകതയും തോന്നാത്തവരാണ് അന്ന് അധികാരങ്ങളില്‍ ഉണ്ടായിരുന്ന പല കോണ്‍ഗ്രസ് നേതാക്കളും.

മതാരാധനയെ മുൻനിർത്തി കൊണ്ട് സംഘപരിവാര്‍ നടത്തുന്ന രാഷ്ട്രീയ നാടകമാണ് രാമക്ഷേത്രം. അയോധ്യയെ ഹിന്ദു അഭിമാനത്തിന്റെ തീര്‍ഥാടന കേന്ദ്രമാക്കുകയാണ് സംഘപരിവാര്‍. അധികാരം നിലനിര്‍ത്തുന്നതിനായി ബിജെപി ഉപയോഗിക്കുന്ന ഹിന്ദുത്വ ആശയം ഹിന്ദുമതത്തില്‍ നിന്നും ഏറെ അകലെയാണ്. മോദി സര്‍ക്കാര്‍ രാജ്യത്തിനു വേണ്ടിയെന്ന് പറഞ്ഞ് നടത്തുന്നതെല്ലാം രാജ്യത്തെ ഹിന്ദുത്വവല്‍കരിക്കുന്നതിന്റെ ഓരോ ചുവടുകളായി മാറുന്നു. ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ടുള്ള  രാമക്ഷേത്രം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി എന്നും കിടക്കും.

FAQs

എവിടെയാണ് ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്?

ഇന്ത്യയിലെ ഉത്തർപ്രദേശിലെ അയോധ്യയിലാണ് ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്നത്.

ആരാണ് നിർമോഹി അഖാര?

നിർമോഹി അഖാര ഒരു ഹിന്ദു മതവിഭാഗമാണ്. അഖില ഭാരതീയ അഖാര പരിഷത്ത് അംഗീകരിച്ച പതിനാല് അഖാരകളിൽ ഒന്നാണിത്.

എന്താണ് വിശ്വ ഹിന്ദു പരിഷത്ത്?

ഹിന്ദു ദേശീയതയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ഹിന്ദു സംഘടനയാണ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി). സ്വാമി ചിന്മയാനന്ദയുമായി സഹകരിച്ച് 1964 ൽ എം എസ് ഗോൾവാൾക്കറും എസ് എസ് ആപ്‌തെയും ചേർന്നാണ് വിഎച്ച്പി സ്ഥാപിച്ചത്.

Quotes

ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആദ്യം ജനങ്ങളിൽ ഏകത്വബോധവും ആത്മബഹുമാനവും സ്വതന്ത്ര ബോധവും ഉണ്ടാകണം – മഹാത്‌മാഗാന്ധി