മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നല്‍കിയ നിർദേശം ആര്‍എസ്എസ് നേതാവും എബിവിപി സ്ഥാപകാംഗവുമായ ദത്താജി ഡിഡോൽക്കറുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കണമെന്നാണ്
കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷന്‍ (യുജിസി). ഇന്ത്യയിലെ സർവകലാശാലകളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതും കാര്യക്ഷമമാക്കുന്നതും യുജിസിയുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന്‍റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടപ്പാക്കാനുള്ള വേദിയായി സർവകലാശാലകളെയും കോളേജുകളെയും യുജിസി മാറ്റുന്നതായാണ് കാണാന്‍ സാധിക്കുന്നത്.
2015 ല്‍ മോദി സര്‍ക്കാര്‍ ആവിഷ്കരിച്ച ‘ബേടി ബച്ചാവോ ബേടി പഠാവോ’ (ബിബിബിപി) പദ്ധതിയുടെ ലോഗോ രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും കോളേജുകളുടെയും വെബ്സൈറ്റുകളില്‍ സ്ഥാപിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരിക്കുകയാണ്. ബിബിബിപി കാംപയ്‌നിന്റെ നോഡൽ മന്ത്രാലയമായ കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ബിബിബിപിയുടെ ലോഗോ വെക്കാന്‍ യുജിസി കത്തയച്ചിരിക്കുന്നത്.

ലോഗോകള്‍ ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ മൂല്യത്തെ പറ്റി അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ്, പോർട്ടലുകൾ, പരിപാടികൾ തുടങ്ങിയവയിലെല്ലാം ബിബിബിപിയുടെ ലോഗോ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു എന്നും യുജിസി സർവകലാശാലകള്‍ക്കും കോളേജുകള്‍ക്കും നൽകിയ കത്തില്‍ പറയുന്നു.
പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും ഫോട്ടോകളും വീഡിയോകളും സർവകലാശാല ആക്‌റ്റിവിറ്റി മോണിറ്ററിംഗ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനും സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
യുജിസിയുടെ ഈ കത്തിനെതിരെ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗൺസിൽ അംഗം മായ ജോണ്‍ ‘ടെലിഗ്രാഫിനോട്’ പ്രതികരിച്ചത് ഇങ്ങനെയാണ്, “സർക്കാരിന് വേണ്ടി രാഷ്ട്രീയ പ്രചരണം സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാണ് ഈ കത്ത്. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപനം, ഗവേഷണം തുടങ്ങിയവയിൽ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ളതാണ്.”
സർക്കാരും യുജിസിയും ജി 20, സ്വച്ഛത കാംപയ്‌ൻ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം എന്ന പേരില്‍ നിലവില്‍ നടത്തുന്ന പ്രവർത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിക്കുന്നത് ഒരു സ്ഥിരം പ്രവണതയായിരിക്കുകയാണെന്നും ഇത് കൃത്യമായ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും മായ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസേതര പ്രവര്‍ത്തനങ്ങളില്‍ യുജിസിയും സര്‍ക്കാരും ഇടപെടുന്നത് തടയാന്‍ കോടതി ഇടപെടണമെന്നും അധപതിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് യുജിസി നിര്‍ദേശിക്കണമെന്നും യുജിസിയുടെ ഈ നിലപാടിനോട് പേര് വെളിപ്പെടുത്താതെ മുന്‍ വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.
സമാനമായ മറ്റൊരു സംഭവമാണ് സർവകലാശാലകളിലും കോളേജുകളിലും യുജിസി നിര്‍ദേശിച്ച ‘മോദി സെല്‍ഫി പോയിന്റുകള്‍’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട്‌ഔട്ടുള്ള സെല്‍ഫി പോയിന്റുകള്‍ സർവകലാശാലകളിലും കോളേജുകളിലും സ്ഥാപിക്കാൻ ആവശ്യപ്പെട്ട് യുജിസി സർക്കുലര്‍ ഇറക്കിയിരുന്നു.

വിദ്യാര്‍ത്ഥികളും സർവകലാശാലകളിലും കോളേജുകളിലും എത്തുന്ന മറ്റു സന്ദര്‍ശകരും മോദിയുടെ കട്ട്‌ഔട്ടിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കണമെന്ന് യുജിസി നിര്‍ദേശിച്ചിരുന്നു.
സെല്‍ഫി പോയിന്റിന്‍റെ ലക്ഷ്യം എന്നത് വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവാക്കള്‍ക്കിടയില്‍ അഭിമാനബോധം വളര്‍ത്തുക എന്നതാണെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും അന്ന് അയച്ച കത്തില്‍ പറയുന്നു.
യുജിസിയുടെ നിര്‍ദേശമനുസരിച്ച് സെല്‍ഫി പോയിന്റുകള്‍ കാമ്പസിലെ ശ്രദ്ധയാകര്‍ഷിക്കുന്ന ഇടങ്ങളില്‍ സ്ഥാപിക്കുകയും 3D ലേഔട്ടില്‍ നിര്‍മിക്കുകയും വേണം. സെല്‍ഫി പോയിന്റുകള്‍ എല്ലാം വ്യത്യസ്ഥ ഡിസൈനുകളിലായിരിക്കണം. വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവത്കരണം, നാനാത്വത്തില്‍ ഏകത്വം, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, ബഹുഭാഷാവാദം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതന ആശയം എന്നിവയിലെ ഇന്ത്യയുടെ ഉയര്‍ച്ച വെളിപ്പെടുത്തുന്ന ആശയങ്ങളാണ് യുജിസി നിര്‍ദേശിച്ചിരിക്കുന്നത്.
സാധാരണ നേട്ടങ്ങളെ ഗംഭീരമായി ചിത്രീകരിക്കുകയും അതിന്റെയെല്ലാം ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഒരു ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ ‘ടെലഗ്രാഫി’നോട് പറഞ്ഞു. ഒരു വീര പുരുഷനെ കെട്ടിപ്പടുക്കാനുള്ള പ്രചാരണമാണ് ഇതെന്നും ഇത്തരം പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കാൻ അക്കാദമിക് സ്ഥാപനങ്ങളോട് ആവശ്യപ്പെടാൻ സര്‍ക്കാരിനെയും യുജിസിയെയും ഒരു നിയമവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് ബിജെപിക്കും മോദിക്കും വേണ്ടിയുള്ള പ്രചാരണമായാണ് യുജിസിയുടെ ഈ നിര്‍ദേശത്തെ പലരും വിമര്‍ശിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നല്‍കിയ നിര്‍ദേശവും വ്യത്യസ്ഥമായിരുന്നു. ആര്‍എസ്എസ് നേതാവും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) സ്ഥാപകാംഗവുമായ ദത്താജി ഡിഡോൽക്കറുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുജിസി കത്ത് നല്‍കിയത്.
“ദത്താജി ഡിഡോൽക്കൽ ഇന്ത്യയിലെ ആയിരക്കണത്തിന് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പ്രചോദനമായിരുന്നു. അദ്ദേഹം നിരവധി സാമൂഹിക സംഘടനകളുടെ സ്ഥാപകൻ കൂടിയായിരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിനാൽ നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടികളിൽ യുവാക്കളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കുന്നതിന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക താൽപര്യമെടുക്കണം” എന്ന് യുജിസി കത്തില്‍ പറയുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡിഡോൽക്കറെ അനുസ്മരിക്കാന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യുജിസിയുടെ നിർദേശം.
അക്കാദമിക് നിലവാരം നിലനിര്‍ത്താനുള്ള ഉത്തരവാദത്തില്‍ നിന്നും യുജിസി വ്യതിചലിക്കുകയാണെന്ന് യുജിസി പുറപ്പെടുവിക്കുന്ന ഇത്തരം സര്‍ക്കുലറുകളില്‍ നിന്നും വ്യക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്താനാണ് സര്‍ക്കുലറുകളിലൂടെ യുജിസി ശ്രമിക്കുന്നതെന്നും വ്യക്തമാണ്.
FAQs
എന്താണ് ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതി?
മോദി സര്‍ക്കാര്‍ 2015 ൽ ആരംഭിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ. പെണ്‍കുട്ടികളെ സംരക്ഷിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം. ലിംഗ വിവേചനത്തിനെതിരെ പൗരന്മാരെ ബോധവല്‍ക്കരിക്കാനും പെണ്‍കുട്ടികള്‍ക്കുള്ള ക്ഷേമ സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
എന്താണ്ജി 20?
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. പത്തൊൻപത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇത് പ്രവർത്തിക്കുന്നു.
Quotes
ഭൂതകാലത്തെ അവഗണിക്കുന്നവർ അതിന്റെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ട് – ഇന്ദിരാഗാന്ധി