Wed. Dec 18th, 2024

അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ. സർക്കാരിന്റെ ചട്ടപ്രകാരമാണ് അകമ്പടി ചെലവ് കണക്കാക്കിയത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പോലീസുകാർ അകമ്പടിയായി മഅദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എ ആർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.