Mon. Dec 23rd, 2024

തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചതിനെ തുടര്‍ന്ന് ഇപോസ് മെഷീന്‍ മുഖേനയുള്ള റേഷന്‍ വിതരണം ഇന്നു മുതല്‍. മൂന്ന് ദിവസം നീണ്ട തകരാര്‍ പരിഹരിച്ചതിന് ശേഷമാണ് വീണ്ടും റേഷന്‍ വിതരണം പുനരാരംഭിക്കുന്നത്. സെര്‍വറിലെ ലോഡ് കുറച്ച് തകരാര്‍ പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റേഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഈ മാസത്തെ റേഷന്‍ വിതരണത്തിനുള്ള സമയം അഞ്ചാം തീയതി വരെ നീട്ടിയിട്ടുണ്ട്. ഇന്ന് രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ റേഷന്‍ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം ശേഷം 2 മണി മുതല്‍ 7 മണി വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ റേഷന്‍ വിതരണം നടത്തും. മെയ് രണ്ട്, മൂന്ന് തീയതികളും ഇതേ രീതി തുടരും. മെയ് നാലിനും അഞ്ചിനും റേഷന്‍ കടകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. മെയ് 6 മുതല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടിയന്തരമായ ഇടപെടല്‍ നടത്തുന്നതിന് പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ അടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഫീല്‍ഡില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതിനെതിരെ മേയ് രണ്ടിന് കരിദിനം ആചരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം