ഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ സമരപന്തലിലെത്തി. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കാതെ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടുകയോ സമരക്കാരെ കാണാന്‍ തയ്യാറാവുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. കായികതാരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ അഭിമാനമുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അതേസമയം, ബ്രിജ് ഭൂഷണെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് സമരക്കാര്‍ പറയുന്നു. നിങ്ങള്‍ക്ക് സമരം ചെയ്യണമെങ്കില്‍ റോഡില്‍ കിടന്നുറങ്ങൂ എന്ന് ഡല്‍ഹി പോലീസ് പറഞ്ഞതായി ബജ്റംഗ് പൂനിയ പറഞ്ഞു. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ വെള്ളിയാഴ്ച രാത്രി വൈദ്യുതി വിച്ഛേദിച്ചതായി ഗുസ്തി താരങ്ങള്‍ ആരോപിച്ചു. വെള്ളം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങള്‍ പോലും പ്രതിഷേധക്കാര്‍ക്ക് എത്തിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിക്കുന്നില്ലെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.