ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ തള്ളി ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. താന്‍ നിരപരാധിയാണെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോള്‍ രാജി വയ്ക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഗുസ്തി താരങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതിന് സമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് പോക്‌സോ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം. ഗുസ്തി താരങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ പഠിക്കാനായി ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ രാഷ്ട്രീയ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബിജെപി നേതാക്കള്‍ ആരോപിച്ചു.