Wed. Nov 6th, 2024

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. ഇന്ന് രാവിലെ മുതല്‍ അരിക്കൊമ്പനെ പിടിക്കാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് ഇതുവരെ ആനയെ കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ദൗത്യ സംഘം കണ്ടെത്തിയ കാട്ടാനക്കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഉണ്ടെന്ന നിലയിലായിരുന്നു നടപടികള്‍ മുന്നോട്ട് പോയത്. ഇതേ തുടര്‍ന്ന് മയക്കുവെടിവയ്ക്കുന്ന സംഘവും, കുങ്കിയാനകളും ഉള്‍പ്പെടെ ഇവിടെയെത്തിയെങ്കിലും കൂട്ടത്തില്‍ അരിക്കൊമ്പന്‍ ഇല്ലെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. കുങ്കിയാനകളും വെടിവയ്പ്പ് സംഘവുമടക്കം 150 പേരടങ്ങുന്ന ദൗത്യസംഘമാണ് സ്ഥലത്തുണ്ടായിരുന്നത്. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത കുറവാണ്. അതേസമയം, അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരികെ എത്തിച്ചു. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യത്തിന് വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. കൂടാതെ റേഡിയോ കോളര്‍ ഘടിപ്പിക്കാനും കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം