Mon. Dec 23rd, 2024

മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനങ്ങൾ. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. പവിത്രമായി കാണേണ്ട ദേവാലയങ്ങള്‍ യാതൊരു ബഹുമാനവും ഇല്ലാതെയാണ് സര്‍ക്കാര്‍ തകര്‍ത്തതെന്നാണ് സംഘടനകളുടെ ആരോപണം. അക്രമം വ്യാപിക്കാതിരിക്കുന്നതിനായി സംഭവ സ്ഥലത്ത് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.