Wed. Jan 22nd, 2025

ഡല്‍ഹി : സ്വവര്‍ഗ വിവാഹം പോലെയുള്ള കാര്യങ്ങളില്‍ കോടതികളല്ല അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ച് കൊണ്ടിരിക്കെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പ്രതികരണം. ‘ബുദ്ധിയുള്ള അഞ്ചാളുകള്‍ അവര്‍ക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അതിനനുസരിച്ചുള്ള തീരുമാനമെടുക്കും. ഞാന്‍ അവര്‍ക്കെതിരെ എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ജനങ്ങള്‍ക്ക് ആ തീരുമാനങ്ങള്‍ വേണ്ടെങ്കില്‍, അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കിരണ്‍ റിജിജു പറഞ്ഞു. സുപ്രീംകോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കാമെങ്കിലും വിവാഹം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങളാണ് തീരുമാനങ്ങളെടുക്കുന്നതെന്നാണ് റിജിജുവിന്റെ വിവാദ പ്രസ്താവന. വിവാഹം പോലെയുള്ള പ്രധാനവും സെന്‍സിറ്റീവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. സെക്ഷന്‍ 142 പ്രകാരം ചില നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ തീര്‍ച്ചയായും കോടതിക്ക് അധികാരമുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ നിയമങ്ങള്‍ വരെ നിര്‍മിക്കാം, എന്തെങ്കിലും വിടവുകളുണ്ടെങ്കില്‍ അവര്‍ക്കത് പരിഹരിക്കാം, എന്നാല്‍ അത് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നമാകുമ്പോള്‍, സുപ്രീംകോടതിയല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് കേന്ദ്ര നിയമമന്ത്രി പറയുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം