Mon. Dec 23rd, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകര്‍. ജ്യോതി ശാസ്ത്ര രംഗത്ത് എഐ ചുവടുറപ്പിക്കുമെന്ന് തെളിയക്കുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍. എഐയുടെ സഹായത്തോടെ ഗ്രഹത്തിന്റെ സ്ഥാനം സ്ഥിരീകരിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി. നേരത്തെ കണ്ടെത്തിയ അനുമാനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു എഐ കണ്ടെത്തലെന്നും ഗവേഷകര്‍ പറഞ്ഞു. സൗരയൂഥത്തിന് പുറത്ത് 500ലധികം വരുന്ന ഗ്രഹങ്ങളുടെ പട്ടികയിലാണ് പുതിയ ഗ്രഹത്തിനേയും ഉള്‍പ്പെടുത്തിയത്. എച്ച്ഡി 142666 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള ദി ആസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകളെപ്പറ്റി വിശദീകരിക്കുന്നത്. പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം ശാസ്ത്രലോകം നേരത്തെ മനസിലാക്കിയിരുന്നു. എന്നാല്‍ ഇത് ഗ്രഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു മണിക്കൂറുകൊണ്ടാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായത്. ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനുമടക്കം എ ഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ കണ്ടെത്തലെന്നാണ് ഗവേഷകരുടെ അഭിപ്രായം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം