Sat. Jul 27th, 2024

ലണ്ടൺ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എല്ലാ ജോലികളും ഭാവിയിൽ ഇല്ലാതാക്കുമെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഭാവിയിൽ എല്ലാ ജോലികളും എഐ ഏറ്റെടുക്കുമെന്നും എല്ലാവർക്കും ജോലി നഷ്ടപ്പെടുമെന്നും ഇലോൺമസ്ക് പറഞ്ഞു. വ്യാഴാഴ്ച പാരീസിൽ വെച്ച് നടന്ന വിവ ടെക് കോൺഫറൻസിലാണ് ഇലോൺ മസ്കിൻ്റെ പരാമർശം. 

‘ലോകത്തിന് ആവശ്യമുള്ളതെല്ലാം എഐ റോബോട്ടുകൾ ചെയ്യുന്ന കാലമാണ് വരാൻ പോകുന്നത്. അങ്ങനെയൊരു കാലം വരുമെന്നത് ഉറപ്പാണ്. എന്നാൽ അത് എപ്പോൾ സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. ഭാവിയിൽ നിങ്ങൾക്കൊരു ജോലി ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അതൊരു ഹോബി പോലെ ചെയ്യേണ്ടിവരുമെന്നും എഐ ലോകം കീഴടക്കാൻ പോവുകയാണെന്നും ഇലോൺ മസ്ക് പറഞ്ഞു.

ആളുകൾക്ക് അടിസ്ഥാന വേതനം മാത്രം ലഭിച്ചാൽ മതിയാവില്ലെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൂടുതൽ മേഖലകളിൽ സജീവമാകുന്നതോടെ എല്ലാവർക്കും ഉയർന്ന വേതനം ലഭിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു. 

ഇതിന് മുൻപും എഐയെ കുറിച്ചുള്ള ആശങ്കകൾ ഇലോൺ മസ്ക് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി എഐയുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നും താൻ എഐയെ ഭയക്കുന്നുവെന്നും മസ്ക് പറഞ്ഞിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.