ഛത്തീസ്ഗഢില്‍ സൈന്യത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് കാരണമായത് സുരക്ഷാവീഴ്ചയെന്ന് ആരോപണം. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് ആരോപണം ഉയരുന്നത്. മേഖലയിലെ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും വാഹനം കടന്നു പോകുന്ന വഴി പരിശോധിച്ചില്ലെന്നുമാണ് ആരോപണം. മേഖലയില്‍ സുരക്ഷാ സേനയുടെ നീക്കം തുറന്ന വാഹനങ്ങളില്‍ പാടില്ല എന്നതാണ് പ്രോട്ടോക്കോള്‍. എന്നാല്‍ ഇവിടെ പ്രോട്ടോകോള്‍ ലംഘിച്ച് തുറന്ന വാനിലാണ് സൈനികരെ കൊണ്ടുപോയത്. കാല്‍നടയായോ ബൈക്കിലോ ആകണം യാത്ര വേണ്ടത്. സേനാംഗങ്ങള്‍ റോഡിലൂടെ പോകുന്നതിന് മുന്‍പായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഒരു റോഡ് ഓപ്പണിംഗ് പാര്‍ട്ടി (ആര്‍ഒപി) നടത്തണം. ഈ രണ്ട് നിയമങ്ങളും ലംഘിക്കപ്പെട്ടുവെന്നും സുരക്ഷയുടെ കാര്യത്തില്‍ കാണിച്ച അശ്രദ്ധയാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 75 കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന സുരക്ഷാസേനയുടെ വാഹനമാണ് കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ടത്. അരന്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെ സുരക്ഷാസേനാംഗങ്ങള്‍ സഞ്ചരിച്ച മിനിവാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരും ഡ്രൈവറുമടക്കം 11 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.