സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നുമാവശ്യപ്പെട്ട് നാണൂറിലധികം LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജികള്‍ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച് കൊണ്ടിരിക്കെയാണ് ‘സ്വീകാര്‍-ദി റെയിന്‍ബോ പേരന്റ്‌സ്’ എന്ന നാണൂറിലധികം കുടുംബങ്ങളടങ്ങുന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്.തങ്ങളുടെ രാജ്യം വൈവിധ്യങ്ങളെ അംഗീകരിക്കുമെന്നും തങ്ങളുടെ മക്കള്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ സമത്വം ഉറപ്പ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു. LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളെ പൂര്‍ണമായി കുടുംബത്തില്‍ ഉള്‍ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പരം പിന്തുണക്കുന്നതിനായി കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് ‘സ്വീകാര്‍-ദി റെയിന്‍ബോ പേരന്റ്‌സ്’. ഹർജികളിന്മേല്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.