Mon. Dec 23rd, 2024

ഡിഫന്‍സ് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) ഇന്ത്യന്‍ നാവിക സേനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) ഇന്റര്‍സെപ്റ്റിന്റെ പരീക്ഷണം വിജയം. ബംഗാള്‍ ഉള്‍ക്കടലിലയിരുന്നു പരീക്ഷണം. ഒഡീഷ തീരത്ത് നടത്തിയ എന്‍ഡോ അന്തരീക്ഷ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം ഇന്ത്യയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമാണ്. ഭൗമോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വരെ ചെന്ന് ശത്രുക്കളെ ചെറുക്കാനാകും.

പാകിസ്ഥാനില്‍ നിന്നോ ചൈനയില്‍ നിന്നോ വരുന്ന ബാലിസ്റ്റിക് മിസൈലുകളെ അന്തരീക്ഷത്തില്‍ വെച്ച് തന്നെ ഇവ നശിപ്പിക്കും. കടലിലെ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിന്നാണ് ഈ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിക്ഷേപിച്ചത്. ഒഡീഷ തീരത്ത് വെച്ചായിരുന്നു പരീക്ഷണം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ മിസൈലിന്റെ ഗ്രൗണ്ട് വേരിയന്റ് വിജയകരമായി പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് ഇന്ത്യന്‍ നാവിക സേനയേയും ഡിആര്‍ഡിഒയേയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

ഈ മിസൈലിന് രണ്ട് വകഭേദങ്ങളുണ്ട്. ആദ്യത്തേത് AD-1, രണ്ടാമത്തേത് AD-2. രണ്ട് മിസൈലുകള്‍ക്കും ശത്രുവിന്റെ ഐആര്‍ബിഎം മിസൈലിനെ തകര്‍ക്കാന്‍ കഴിയും. അതായത് 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ വരെ വെടിവെച്ചിടാം. ഈ മിസൈലുകളില്‍ ഉപയോഗിച്ചിരിക്കുന്നത് അമേരിക്കയുടെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് THAAD) മിസൈല്‍ പോലെയുള്ള പ്രതിരോധ സംവിധാനമാണ്. മണിക്കൂറില്‍ 5367 കിലോമീറ്റര്‍ വേഗതയില്‍ ഈ മിസൈല്‍ ശത്രുവിന്റെ മിസൈലിനെ ആക്രമിക്കും.

ലോംഗ്-റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെയും വിമാനങ്ങളുടെയും ലോ എക്സോ-അന്തരീക്ഷ, എന്‍ഡോ-അന്തരീക്ഷ തടസ്സങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ദീര്‍ഘദൂര ഇന്റര്‍സെപ്റ്റര്‍ മിസൈലാണ് എഡി-2. രണ്ട് ഘട്ടങ്ങളുള്ള സോളിഡ് മോട്ടോര്‍ പവര്‍ഡ് മിസൈലാണിത്. തദ്ദേശീയമായി വികസിപ്പിച്ച നൂതന നിയന്ത്രണ സംവിധാനം, നാവിഗേഷന്‍, ലക്ഷ്യത്തിലേക്കുള്ള കൃത്യമായ മാര്‍ഗനിര്‍ദേശത്തിനുള്ള മാര്‍ഗനിര്‍ദേശ അല്‍ഗോരിതം എന്നിവ മിസൈലില്‍ സജ്ജീകരിച്ചിരിക്കുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.