Fri. Nov 22nd, 2024

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഒരേസമയം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ഡിഎംകെ എംഎല്‍എ എം.കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടന്നു. സ്റ്റാലിന്റെ വിശ്വസ്തനാണ് എം.കെ മോഹന്‍. സ്റ്റാലിന്റെ കുടുംബത്തിന് ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ബിനാമി നിക്ഷേപമുണ്ടെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപണം ഉന്നയിച്ചിരുന്നു. ‘ഡിഎംകെ ഫയല്‍സ്’ എന്ന പേരില്‍ സ്റ്റാലിനടക്കം ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചത്. കഴിഞ്ഞ വര്‍ഷം സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും വരവിലധികം സ്വത്ത് സമ്പാദിച്ചെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം