Thu. Jan 23rd, 2025

പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂകയുള്ളുവെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും അടക്കമുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ ബ്ലൂ ടിക്ക് നഷ്ടമായി. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനും ഐഎസ്ആര്‍ഒയ്ക്കും ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന്‍ ഇല്ല. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സജീവമാക്കി നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനുമായി ഇന്ത്യയിലെ ഉപയോക്താക്കള്‍ പ്രതിമാസം 900 രൂപയാണ് നല്‍കേണ്ടത്. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്. ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം