Mon. Dec 23rd, 2024

ചാറ്റ് ജിപിടിക്ക് ബദലായി പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രൂത്ത് ജിപിടി എന്നായിരിക്കും ഇതിനു പേരെന്ന് ഫോക്‌സ് ന്യൂസിന്റെ അഭിമുഖപരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു. പരമാവധി വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്ന എഐ പ്ലാറ്റ്‌ഫോം ആയിരിക്കും ട്രൂത്ത് ജിപിടിയെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. വസ്തുതകളോടു ചേര്‍ന്നു നില്‍ക്കുന്നില്ലെങ്കില്‍ തെറ്റായ വിമാന ഡിസൈനേക്കാള്‍ അപകടകരമായിരിക്കും എഐ എന്ന് മസ്‌ക് അഭിമുഖത്തില്‍ പറഞ്ഞു.

മാർച്ചിൽ, ഓപ്പൺഎഐയുടെ ജിപിടി-4 നേക്കാൾ മികച്ച എഐ മോഡലുകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആറുമാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ക് ഒരു കത്തെഴുതിയിരുന്നു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവി കൂടിയാണ് ഇലോണ്‍ മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തു പോയത്. ഓപ്പണ്‍ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍. അതേസമയം കമ്പനിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് മസ്‌കും ഇതുവരെ വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.