ഡല്‍ഹി: പാഠപുസ്തക പരിഷ്‌കരണം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി എന്‍സിഇആര്‍ടി. ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലാണ് വിശദീകരണവുമായി എന്‍സിഇആര്‍ടി രംഗത്തെത്തിയത്. പാഠഭാഗങ്ങളെ ഒഴിവാക്കിയോ കൂട്ടിച്ചേര്‍ത്തോ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നേരത്തെ പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രസ്താവനയിലൂടെയാണ് എന്‍സിഇആര്‍ടി നിലപാട് വ്യക്തമാക്കിയത്. 2022 ജൂണില്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്ന പ്രധാനമാറ്റങ്ങളുടെ ലിസ്റ്റ് എന്‍സിഇആര്‍ടി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഗാന്ധി വധമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ മാറ്റം ഇതില്‍ പ്രതിപാദിച്ചിരുന്നില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ പ്രസക്തമോ പ്രാധാന്യമുള്ളതോ അല്ലാത്തതായ ഭാഗങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് സമിതി പറയുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇത്തരത്തില്‍ ചെറിയ മാറ്റങ്ങളെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്നാണ് വിശദീകരണം.