Mon. Dec 23rd, 2024

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് മകനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍. കൃഷ്ണഗിരി സ്വദേശിയായ ദണ്ഡപാണിയാണ് മകന്‍ സുഭാഷ്, അമ്മ കണ്ണമ്മാള്‍ എന്നിവരെ വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സുഭാഷിന്റെ ഭാര്യ അനുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുഭാഷ് മറ്റൊരു ജാതിയില്‍പ്പെട്ട അനുഷയെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ദമ്പതിമാര്‍ ദണ്ഡപാണിയുടെ അമ്മയായ കണ്ണമാളിന്റെ വീട്ടിലെത്തിയിരുന്നു. ഈ വിവരമറിഞ്ഞ ദണ്ഡപാണി അമ്മയുടെ വീട്ടിലെത്തി മൂവരെയും ആക്രമിക്കുകയായിരുന്നു.

ദണ്ഡപാണിയും മകന്‍ സുഭാഷും തിരുപ്പൂരിലെ ബനിയന്‍ കമ്പനിയിലെ ജോലിക്കാരാണ്. ഇവിടെവെച്ചാണ് സുഭാഷും അനുഷയും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. അനുഷ അന്യജാതിക്കാരിയായതിനാല്‍ ദണ്ഡപാണി വിവാഹത്തിന് സമ്മതിച്ചില്ല. അച്ഛന്റെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരാവുകയും വീട്ടില്‍ നിന്ന് മാറിതാമസിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് സുഭാഷും അനുഷയും മുത്തശ്ശിയായ കണ്ണമാളിനെ സന്ദര്‍ശിക്കാനായി ഇവരുടെ വീട്ടിലെത്തിയത്. ഈ വിവരമറിഞ്ഞ ദണ്ഡപാണി കണ്ണമാളിന്റെ വീട്ടിലെത്തി മൂവരെയും അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം