Fri. Nov 22nd, 2024

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകും. അരിക്കൊമ്പനായുള്ള ജിപിഎസ് കോളര്‍ എത്തിക്കുന്നതില്‍ വീണ്ടും മാറ്റമുണ്ടായതോടെയാണ് നടപടി വൈകുന്നത്. ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളുവന്നാണ് വിവരം. അസമില്‍ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്. നേരത്തെ ബെംഗളുരുവില്‍ നിന്ന് ഇത് എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് വേണ്ടെന്ന് വെച്ചു. അതിനിടെ പൂപ്പാറ തലക്കുളത്ത് ഇന്നും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണം ഭയന്ന് ലോറിയില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം