Thu. May 2nd, 2024

ഡല്‍ഹി: ബെംഗളുരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ ഇളവ് തേടിയുള്ള പിഡിപി ചെയര്‍മാന്‍ മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി സുപ്രീംകോടതി. ബെംഗുളുരു സ്‌ഫോടന കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിലേക്ക് പോകാന്‍ പാടില്ലെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നുമാണ് മഅദനിയുടെ ആവശ്യം. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് മഅദനിക്കെതിരെ ഉള്ളതെന്നും കേരളത്തില്‍ പോകാന്‍ അനുവാദം നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

നാട്ടില്‍ പോയി തിരിച്ചു വരാന്‍ ആണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ബേലാ എം ത്രിവേദി കേസ് പരിഗണിക്കവെ മഅദനിയോട് ചോദിച്ചു. ആരോഗ്യപരമായ പ്രശ്‌നമുണ്ടെന്നും ചികിത്സ തേടണമെന്നും പിതാവടക്കം സുഖമില്ലാതിരിക്കുകയാണെന്നും മദനിക്കായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ആശങ്കയുണ്ടെങ്കില്‍ ഒരു മാസത്തേക്ക് കേരളത്തിലേക്ക് അയച്ച ശേഷം എന്താണ് നടക്കുന്നതെന്ന് സര്‍ക്കാരിന് നീരീക്ഷിക്കാമെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. ജാമ്യം നല്‍കരുതെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് മഅദനിക്ക് സംസ്ഥാനം വിടാന്‍ സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം