റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമിർ സെലന്‍സ്‌കി. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജപറോവ സെലന്‍സ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറി. മെഡിക്കല്‍ ഉപകരണങ്ങള്‍ അടക്കം കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും കത്തിൽ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു യുക്രൈന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ സെലന്‍സ്‌കി ആഗ്രഹിക്കുന്നുവെന്നും യുക്രൈനിൽ സമാധാനം കൊണ്ടുവരുന്നതിൽ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും ജപറോവ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇന്ത്യയുടെ ഇടപെടൽ അനിവാര്യമാണെന്ന് സെലന്‍സ്‌കി നിരന്തരം ആവശ്യപ്പെടുന്നുണ്ട്.