Sat. Jan 18th, 2025

 

പേരണ്ടൂര്‍ കനാല്‍ പുറമ്പോക്കിലെ പി ആന്‍ഡ് ടി കോളനിക്കാരുടെ പുനരധിവാസം നീളുന്നു. പി ആന്‍ഡ് ടി കോളനിയിലെ പരിതാപകരമായ സ്ഥിതി മൂലം കൊച്ചി നഗരസഭയില്‍ 63-ാം ഡിവിഷനായ ഗാന്ധി നഗറിനെ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കാനാകാത്ത സാഹചര്യമാണുള്ളത്. കോളനിയിലെ വീടുകളില്‍നിന്നുള്ള കക്കൂസ് മാലിന്യം നേരിട്ട് പേരണ്ടൂര്‍ കനാലിലേക്കാണ് ഒഴുകുന്നത്. വേലിയേറ്റത്തിലും മഴക്കാലത്തും മാലിന്യം വീടുകളിലേക്ക് കയറുന്നു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കരി ഓയില്‍ കലര്‍ന്ന വെള്ളവും മാലിന്യവും പേരണ്ടൂര്‍ കനാല്‍ വഴി വീടുകളിലേക്ക് കയറുന്നതും പതിവാണ്.

കോളനിയിലെ താമസക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള കെട്ടിട നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഫോര്‍ട്ട്‌കൊച്ചി പടിഞ്ഞാറെ രാമേശ്വരത്താണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിക്കുന്നത്. കെട്ടിട നിര്‍മാണം വൈകുന്നത് ജി.സി.ഡി.എ. യഥാസമയം ഫണ്ട് പാസാക്കാത്തതിനാല്‍ ആണെന്നാണ് നിര്‍മാണ കരാറുകാരായ തൃശ്ശൂര്‍ ലേബര്‍ സൊസൈറ്റി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. യഥാസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാതെയും ബില്ലുകള്‍ പാസാക്കാതെയും ജി.സി.ഡി.എ വീഴ്ച വരുത്തി എന്നാണ് ലേബര്‍ സൊസൈറ്റി അറിയിച്ചിരിക്കുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.