Wed. Nov 6th, 2024

 

 

പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേയ്ക്ക് മാറ്റിയ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങി. അടിക്കടി മണ്ണിടിച്ചില്‍ ഉണ്ടാവുന്ന പ്രദേശമാണ് കീരേലിമല ഇരുപത്തിഒന്നാം കോളനി. ജാഫര്‍ മാലിക് എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്നപ്പോഴാണ് കോളനിക്കാരെ ഇവിടെ നിന്നും പുനരധിവസിപ്പിക്കണം എന്ന തീരുമാനം ഉണ്ടാവുന്നത്. അതിനു വേണ്ടി തൃക്കാക്കര നഗരസഭയെ ചുമതലപ്പെടുത്തി.

13 വീടുകളെയാണ് മണ്ണിടിച്ചില്‍ ബാധിക്കുക. ഇതില്‍ എട്ട് വീട്ടുകാരാണ് വാടകയ്ക്ക് കഴിഞ്ഞ വര്‍ഷം മാറിത്താമസിച്ചത്. മണ്‍സൂണ്‍ ശക്തമാകുന്ന മൂന്നു മാസം ഇവര്‍ക്ക് 5000 രൂപ നഗരസഭ നല്‍കണം എന്നായിരുന്നു കളക്ടര്‍ പറഞ്ഞിരുന്നത്. ഈ പണം നഗരസഭയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എടുത്തു നല്‍കി. തുടര്‍ന്ന് അടുത്ത മൂന്നു മാസത്തേക്ക് കൂടി പണം നല്‍കണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അതും അനുവദിച്ചു നല്‍കാന്‍ ഉത്തരവായി. എന്നാല്‍ ഈ പണം ഇതുവരെ നല്‍കിയിട്ടില്ല. നഗരസഭയില്‍ ഇനി ഫണ്ടില്ലെന്നാണ് ചെയര്‍പേഴ്സണ്‍ പറയുന്നത്.

കോളനിക്കാരുടെ പുനരധിവാസത്തിനായി പൊയിച്ചിറക്കുളത്ത് 50 സെന്റ് റവന്യൂ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വീട് നിര്‍മാണത്തിന് അനുമതി ആയിട്ടുമുണ്ട്. എന്നാല്‍ അതുവരെ മണ്ണിടിച്ചിലിനെ ഭയപ്പെടാതെ കിടന്നുറങ്ങാനുള്ള ഒരു സ്ഥലമാണ് ഇവര്‍ക്ക് വേണ്ടത്. വാടക വീടുകള്‍ ഒരു സാധ്യത ആണെങ്കിലും നഗരസഭയുടെ ധനസഹായം കൂടി നിന്നതോടെ ഉയര്‍ന്ന തുക വാടകയായി നല്‍കാന്‍ കഴിയുന്നില്ല. കൂലിപ്പണിക്കാരായ ഇവരുടെ വരുമാനം ഒന്നിനും തികയാത്തതിനാല്‍ നഗരസഭ ധനസഹായം നല്‍കല്‍ പുനസ്ഥാപിക്കണം എന്നാണ് ഇവരുടെ ആവശ്യം.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.