ജാർഖണ്ഡിലെ ജംഷഡ്പൂരിൽ രാമ നവമി ആഘോഷങ്ങൾക്ക് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യവ്യാപക ആക്രമണമുണ്ടായി. രാമ നവമി പതാകയെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. തുടർന്ന് ജംഷഡ്പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താൽകാലികമായി നിരോധിച്ചിട്ടുണ്ട്. ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും ആൾക്കൂട്ടം തീയിട്ടു. അക്രമികളെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാര്‍ പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിപ്പിച്ചിട്ടുണ്ട്.