Thu. Jan 23rd, 2025

തിരുവനന്തപുരം: മന്ത്രിമാരുടെ അദാലത്തിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്‌കാന്‍ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം. അക്ഷയ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലേക്ക് അക്ഷയകേന്ദ്രം വഴി പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്‌കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. താലൂക്ക് തല അദാലത്തുകളിലേക്കായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രചാരണം ശക്തമാക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ മെയ് 2 മുതല്‍ 11 വരെ നടക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാന്‍ ഏപ്രില്‍ 15 വരെയാണ് അവസരം. ആകെ 1447 പരാതികളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്. കൂടുതല്‍ പരാതികള്‍ സ്വീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി പ്രചാരണം ശക്തമാക്കണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം